Tuesday, April 30, 2024
keralaNews

ശബരിമലയില്‍ കയറിയതിനാല്‍ തനിക്ക് നേരെയുള്ള അവഗണന കൂടുന്നുവെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി

കോഴിക്കോട് : ശബരിമലയില്‍ കയറിയതിനാല്‍ തനിക്ക് നേരെയുള്ള അവഗണന കൂടുന്നുവെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ പരാതി. ബസുകളില്‍ തന്നെ ഇപ്പോഴും കയറ്റുന്നില്ല എന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു . ഏറ്റവും ഒടുവില്‍ തന്നെ കയറ്റാത്ത ബസുകളുടെ ലിസ്റ്റിലേയ്ക്ക് കോഴിക്കോട് റൂട്ടിലോടുന്ന കൃതിക ലിമിറ്റഡ് സ്റ്റോപ്പ് ബസ് കൂടി എന്നാണ് ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.’പൊയില്‍കാവ് ബസ് സ്റ്റോപ്പില്‍ മറ്റൊരു യാത്രക്കാരി കൈ കാണിക്കുകയും ബസ് നിര്‍ത്തുകയും ചെയ്തു. ഈ സമയം ഞാന്‍ ബസില്‍ കയറാന്‍ ആയിതിരിഞ്ഞപ്പോള്‍ എന്നെ മനസ്സിലായ ഡ്രൈവര്‍ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തു പോവുകയാണ് ഉണ്ടായത്. എന്റെ ഒപ്പം ഉണ്ടായിരുന്ന പോലീസുകാരില്‍ ഒരാളെ അറിയുന്ന ഡ്രൈവര്‍ ആയിരുന്നു. അവര്‍ അത് പറയുകയും ചെയ്തു. അവരെ കണ്ടിട്ട് കൂടി ആയിരിക്കാം ബസ് നിര്‍ത്തിയത്. അപ്പോള്‍ ഞാന്‍ അവരോടു പറഞ്ഞു നിങ്ങളെ അറിയുന്നതിനെക്കാള്‍ കൂടുതല്‍ ആണ് അവര്‍ക്കു എന്നോട് ഉള്ള ശത്രുത. പിന്നെ ഇങ്ങനെ ഉള്ള അനീതിക്കെതിരെ ഞാന്‍ കോടതിയിലേക്ക് പോകണം എന്ന് പറയുന്നവരോട്, അങ്ങനെ എങ്കില്‍ എല്ലാ ദിവസങ്ങളിലും എന്റെ കേസിനായി കോടതിയില്‍ പോകേണ്ടതായി വന്നേക്കാം. അതിന് അനുകൂലമായ സാഹചര്യങ്ങളിലൂടെ അല്ല ഞാന്‍ കടന്നു പോകുന്നത്. ‘ ഇത്തരത്തിലാണ് ബിന്ദു അമ്മിണി പറയുന്നത് .