Thursday, May 16, 2024
keralaNews

പിസിസി സർട്ടിഫിക്കറ്റ്;എരുമേലിയിലെ സീസൺ കടകൾക്ക് പോലീസ് നോട്ടീസ് നൽകി

എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  പ്രധാന തീർത്ഥാടന കേന്ദ്രമായ എരുമേലിയിലെ താത്ക്കാലിക കടകളിലെ ജോലിക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്  എടുക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ കടകൾക്കും നോട്ടീസ് നൽകിയതായി എസ് എച്ച് ഒ മനോജ് മാത്യു പറഞ്ഞു . കഴിഞ്ഞ ദിവസം എരുമേലി ടൗണിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കൊച്ചു മാളികപ്പുറത്തെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പി സി സി സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് മിക്ക കടകളിലും ആളുകൾ  ജോലി ചെയ്യുന്നതെന്ന് കണ്ടെത്തിയത്.ഇതിന്റെ  അടിസ്ഥാനത്തിലാണ് പോലീസിന്റെ കർശന നടപടി.രണ്ടുദിവസത്തിനുള്ളിൽ സീസൺ  കടകളിൽ ജോലി ചെയ്യുന്നവർ പി സി സി  സർട്ടിഫിക്കറ്റ് ഹാജരാകണമെന്നാണ്  പോലീസ് നിർദ്ദേശം. എന്നാൽ  കടകളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണെന്ന് ആരോഗ്യവകുപ്പിന്റെ  ഉറപ്പ് ഇതുവരെ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.എരുമേലി അടക്കമുള്ള വിവിധ സ്ഥലങ്ങളിലെ സീസൺ കടകളിൽ വിവിധ ജില്ലകളിൽ, സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ജോലി ചെയ്യുന്നത് .
എന്നാൽ പഞ്ചായത്ത് ലൈസൻസ് എടുക്കുന്ന കാര്യത്തിലും മിക്ക കച്ചവടക്കാരും ഗുരുതരമായ അനാസ്ഥയാണ് കാട്ടുന്നതെന്നും ആരോപണമുണ്ട്.