Tuesday, May 7, 2024
indiaNewspolitics

എല്‍.കെ അദ്വാനിക്ക് ഭാരതരത്‌ന

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത സിവിലയന്‍ ബഹുമതിയായ ഭാരതരത്‌ന മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അദ്വാനിയെ പ്രശംസിച്ച് കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
എല്‍.കെ അദ്വാനിജിക്ക് ഭാരതരത്‌ന നല്‍കി ആദരിക്കുമെന്ന കാര്യം പങ്കുവയ്ക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഭാരതം കണ്ടതില്‍ വച്ച് ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹം.

ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. താഴേത്തട്ടില്‍ നിന്ന് തുടങ്ങിയ രാഷ്ട്രീയ ജീവിതം ആഭ്യന്തരമന്ത്രി എന്ന നിലയില്‍ രാഷ്ട്രത്തെ സേവിക്കുന്നത് വരെ തുടര്‍ന്നു. ആഭ്യന്തര മന്ത്രി, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി എന്ന നിലയില്‍ അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭവനകള്‍ വളരെ വലുതാണ്. പാര്‍ലമെന്ററി കാര്യങ്ങളില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എല്ലാക്കാലത്തും മാതൃകാപരവും ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതുമാണെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. അചഞ്ചലമായ പ്രതിബദ്ധതയ്ക്കും സുതാര്യതയ്ക്കും പേരുകേട്ടതാണ് പതിറ്റാണ്ടുകള്‍ നീണ്ട അദ്ദേഹത്തിന്റെ പൊതുജീവിതം. മാതൃകാപരമായ ആദര്‍ശവും നീതിയും രാഷ്ട്രീയത്തില്‍ അദ്ദേഹം വച്ചുപുലര്‍ത്തി.

ദേശീയ ഐക്യത്തിനും സാംസ്‌കാരിക പുനരുത്ഥാനത്തിനുമായി അദ്ദേഹം നടത്തിയത് സമാനതകളില്ലാത്ത ശ്രമങ്ങളാണ്- പ്രധാനമന്ത്രി പറഞ്ഞു.അദ്ദേഹത്തിന് ഭാരതരത്നം നല്‍കിയത് തന്നെ സംബന്ധിച്ചിടത്തോളം വൈകാരികമായ നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹവുമായി അടുത്ത് ഇടപഴകാനും അദ്ദേഹത്തില്‍ നിന്ന് പഠിക്കാനും എണ്ണമറ്റ അവസരങ്ങള്‍ ലഭിച്ചു. വലിയ അനുഗ്രഹമായാണ് ഇതിനെ കാണുന്നതെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.