Tuesday, April 30, 2024
indiakeralaNewspolitics

ബഫര്‍സോണ്‍: കേന്ദ്രസര്‍ക്കാരിന്റെ വാദത്തിന് സുപ്രീംകോടതിയുടെ പിന്തുണ

ദില്ലി: ബഫര്‍സോണ്‍ വിഷയത്തില്‍ ആളുകളെ ഇറക്കിവിട്ട് പരിസ്ഥിതി സംരക്ഷിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ വാദത്തിന് സുപ്രീംകോടതിയുടെ പിന്തുണ. സമ്പൂര്‍ണ്ണ വിലക്ക് പ്രായോഗികമല്ലെന്നും വിധി പരിഷ്‌ക്കരിക്കുമെന്ന് സൂചന നല്‍കി സുപ്രീം കോടതി നീരീക്ഷിച്ചു. കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമുണ്ടാകുമെന്ന സൂചന നല്‍കിയാണ് ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീംകോടതി നിരീക്ഷണം.സാധാരണ ജനങ്ങളുടെ ജീവനോപാധികളെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്നതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ലെന്ന് എന്ന നിലപാട് കോടതി ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി തേടി കേന്ദ്രസര്‍ക്കാരും ഇളവ് തേടി കേരളവും നല്‍കിയ അപേക്ഷകള്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നീരീക്ഷണം. കേരളത്തിന്റെ ആശങ്കകളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. രാജ്യത്തെ ഒരോ വന്യജീവി സങ്കേതത്തിന്റെയും സ്ഥിതി വിത്യസ്തമാണ്. ഒരോ പ്രദേശം തിരിച്ചാണ് സംരക്ഷണ നടപടികള്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. സുപ്രീംകോടതിയുടെ ബഫര്‍സോണ്‍ വിധി ഈ നടപടികളെ തകിടം മറിച്ചെന്ന് കേന്ദ്രം വാദിച്ചു. കേരളത്തില്‍ അടക്കം വിധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. മനുഷ്യന്‍ കൂടി ചേരുമ്പോഴാണ് പരിസ്ഥിതി സംരക്ഷണം പൂര്‍ത്തിയാകുന്നതെന്ന് ഓസ്‌കര്‍ ലഭിച്ച ‘ദ എലഫന്റ് വിസ്‌പേഴ്‌സ്’ന്റെ കഥ ഉദ്ധരിച്ച് കേന്ദ്രത്തിനായി എ.എസ്.ജി ഐശ്വര്യഭട്ടി വാദിച്ചു. മുതുമല ദേശീയോദ്യാനത്തിനകത്തുള്ള തെപ്പക്കാട് ആന പുനരധിവാസ കേന്ദ്രത്തിലെ രഘുവെന്ന കുട്ടിയാനയുടെ സംരക്ഷണച്ചുമതലയേറ്റ ബൊമ്മനെയും ബെല്ലിയെയും പോലുള്ളവരാണ് വനസംരക്ഷണത്തിന്റെ മികച്ച ഉദാഹരണങ്ങളെന്ന് ഐശ്വര്യ ഭട്ടി ചൂണ്ടിക്കാട്ടി. കോടതിയും ഇതിനോട് യോജിച്ചു. അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയത് വലിയ പ്രതസിന്ധിയായെന്ന് അമിക്ക്യൂസ് ക്യൂറി കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഖനനം മാത്രമാണ് വിഷയമെന്നും സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താനാകില്ലെന്നുമുള്ള മുന്‍നിലപാട് കോടതി ആവര്‍ത്തിച്ചു. സുല്‍ത്താന്‍ബേത്തേരി നഗരസഭ, കേരള ഹൈക്കോടതി തുടങ്ങി ബഫര്‍സോണില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളെ കുറിച്ചും വാദത്തിനിടെ പരാമര്‍ശമുണ്ടായി. സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ വിധി അനുസരിച്ച് ഒരു വികസന പ്രവര്‍ത്തനം പോലും നടത്താനാകില്ലെന്ന് അഭിഭാഷകന്‍ ദീപക് പ്രകാശ് കോടതിയെ അറിയിച്ചു. കേരളത്തിന്റെ ആശങ്കങ്ങളെ സുപ്രീം കോടതിയില്‍ കേന്ദ്രവും പിന്തുണച്ചതോടെ ഇതിന് പരിഹാരമുണ്ടാകുമെന്നാണ് വാക്കാല്‍ കോടതി നീരീക്ഷിച്ചത്.ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി തേടി കേന്ദ്രസര്‍ക്കാരും ഇളവ് തേടി കേരളവും നല്‍കിയ അപേക്ഷകളില്‍ നാളെയും വാദം തുടരും. നാളെ സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാകും വാദം നടത്തുക. കേന്ദ്രത്തിന്റെ അപേക്ഷയില്‍ കക്ഷി ചേര്‍ന്ന ഷേലി ജോസിനായി അഭിഭാഷക ഉഷ നന്ദിനിയും, പെരിയാര്‍ വാലി സംരക്ഷണ സമിതിയ്ക്കായി അഭിഭാഷകന്‍ വി.കെ ബിജുവും ഹാജരാകും.