Wednesday, May 15, 2024
keralaNews

കളമശേരി സ്‌ഫോടനം: നീല കാറിനെക്കുറിച്ച് അന്വേഷണം

കൊച്ചി: കളമശേരി സ്‌ഫോടന പരമ്പര നടത്തിയയാള്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന നീല കാറിനെക്കുറിച്ച് പൊലീസ് അന്വേഷണം. പ്രാര്‍ഥന യോഗം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് ഈ കാറിലാണ് അക്രമി എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവം നടന്ന ശേഷം പൊലീസിന് ലഭിച്ച നിര്‍ണായക വിവരമാണ് ഈ കാര്‍. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ഈ കാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് പുറത്തേക്ക് പോയി. ഇതാണ് സംശയം ജനിപ്പിക്കാന്‍ പ്രധാന കാരണം. കളമശേരിയിലേത് ഐഇഡി ഉപയോഗിച്ചുള്ള സ്‌ഫോടനമാണെന്ന് ഡിജിപി സ്ഥിരീകരിച്ചിരുന്നു. ടിഫിന്‍ ബോക്‌സിലാണ് സ്‌ഫോടക വസ്തു വെച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയാണെന്നും പ്രത്യക സംഘത്തിന് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി വ്യക്തമാക്കി. ഭീരാക്രമണ സാധ്യത ഈ ഘട്ടത്തില്‍ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ. ഇന്റലിജന്‍സ് വിവരം ഉണ്ടായിരുന്നില്ല. കേന്ദ്ര ഏജന്‍സികളോട് സംസാരിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു. ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ചിട്ടില്ല. 36 പേര്‍ ചികിത്സയില്‍ ഉണ്ടെന്ന് ഡിജിപി വ്യക്തമാക്കി.