Tuesday, May 21, 2024
keralaLocal NewsNews

കാനനപാതയില്‍ ആരും തടഞ്ഞില്ല ;നിരോധനം ലംഘിച്ച് മലയരയ മഹാസഭ പ്രവര്‍ത്തകര്‍ കാനനപാത കടന്നുപോയി.

പോലീസും – വനപാലകരും കാഴ്ചക്കാരായി .

എരുമേലി :പോലീസും – വനപാലകരും കാഴ്ചക്കാരായി നോക്കി നില്‍ക്കെ നിരോധനം ലംഘിച്ച് മലയരയ മഹാസഭ പ്രവര്‍ത്തകര്‍ പരമ്പരാഗത കാനനപാതയായ കോയിക്കക്കാവ് ചെക്ക്‌പോസ്റ്റ് കടന്ന് കാളകെട്ടിയിലേക്ക് കടന്നുപോയി.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം.

ശബരിമലയുടെ ആചാരാനുഷ്ഠാനം നിലനിര്‍ത്താന്‍ പരമ്പരാഗത കാനനപാത തുറക്കണെമെന്നാവശ്യപ്പെട്ട് ഐക്യ മലയരയ മഹാസഭയുടെ നേതൃത്വത്തില്‍ കൊമ്പുകുത്തിയില്‍ നിന്നും ഇന്നലെ ശബരിമല കാളകെട്ടിലേക്ക് പൈതൃക സംരക്ഷണ പ്രയാണ സമരം നടത്തുകയായിരുന്നു.സമരത്തെ പ്രതിരോധിക്കാന്‍ കോയിക്കക്കാവില്‍ പോലീസും വനപാലകരും കാത്തു നിന്നുവെങ്കിലും പ്രവര്‍ത്തകരെ തടയാനോ ചര്‍ച്ച നടത്താനോ ആരും തയ്യാറായില്ല.മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സമരക്കാര്‍ ഇരുമ്പൂന്നിക്കരയില്‍ നിന്നും ശരണം വിളിച്ച് നടന്ന് കോയിക്കക്കാവിലെത്തി ചെക്ക്‌പോസ്റ്റ് കടന്ന് പോകുകയായിരുന്നു.

രണ്ട് തീര്‍ത്ഥാടകര്‍ക്കൊപ്പം പത്തിലധികം വരുന്ന സംഘം ഐക്യമലയരമഹാ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവന്റെ നേതൃത്വത്തിലാണ് വനത്തിലൂടെ പോയത്.ഇവരെ നാലോളം വനപാലകരും അനുഗമിച്ചു.കോവിഡിന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പരമ്പരാഗത കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ യാത്ര വനംവകുപ്പും സര്‍ക്കാരും നിരോധിച്ചിരുന്നു.ഇതിനെതിരെയായിരുന്നു ഐക്യ മലയര മഹാസഭയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം.

കോടിക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമല ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താനും,മലയരയ സമുദായ അംഗങ്ങളുടെ നേതൃത്വത്തിലുള്ള കാനനപാതയിലെ എട്ടോളം മഹാക്ഷേത്രങ്ങളുടെ പ്രവര്‍ത്തനവും-വിശ്വാസവും സംരക്ഷിക്കാന്‍ കാനനപാത തുറന്നു കൊടുക്കണമെന്ന് പി.കെ സജീവ് ആവശ്യപ്പെട്ടിരുന്നു.പരമ്പരാഗത കാനനപാത അടച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെയും എരുമേലി ഗ്രാമ പഞ്ചായത്തിനെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് ഇരുമ്പൂന്നിക്കരയില്‍ നടന്ന യോഗത്തില്‍ പി കെ സജീവന്‍ ഉന്നയിച്ചത്.വനംവകുപ്പ് എരുമേലി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജയകുമാര്‍ എന്‍ വി,എരുമേലി പോലീസ് എസ് എച്ച് ഒ സജീവ് ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരും പോലീസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.