Saturday, May 11, 2024
keralaNews

ആശങ്കയുമായി അലങ്കാര മത്സ്യ കര്‍ഷകര്‍.

 

2010 ലെ കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ നിയമം ഭേദഗതി ചെയ്യുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയില്‍ അലങ്കാരമത്സ്യക്കൃഷിയിലേര്‍പ്പെട്ടവര്‍. ഭേദഗതി സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചിരുന്നു.പ്രധാനമായും അലങ്കാര മത്സ്യങ്ങളുടെ ഇറക്കുമതിയ്ക്കും പ്രദര്‍ശനത്തിനും നിയന്ത്രണം വരുമെന്നതാണ് ഭേദഗതിയില്‍ ഏറ്റവും ആശങ്കയുളവാക്കുന്ന നിബന്ധന.

സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളാണ് സ്വയംതൊഴില്‍ എന്ന നിലയില്‍ അലങ്കാര മത്സ്യ കൃഷി നടത്തി ഉപജീവനം നടത്തുന്നത്. അലങ്കാര മത്സ്യങ്ങളുടെ പ്രദര്‍ശനത്തിലൂടെയാണ് കര്‍ഷകര്‍ മിക്കപ്പോഴും വിപണി കണ്ടെത്തുന്നത്. ഭേദഗതി നിയമം ആകുന്നതോടെ പ്രദര്‍ശന കാലയളവ് കുറയും. അലങ്കാര മത്സ്യങ്ങളെ ഇറക്കുമതി ചെയ്യുന്നതിനും ഭേദഗതിയില്‍ വിലക്കുണ്ട്.അതെ സമയം അലങ്കാര മത്സ്യ ഉല്‍പാദന യൂണിറ്റില്‍ നിന്നും അലങ്കാര മത്സ്യങ്ങള്‍ വില്‍പന നടത്തുന്നതിനോ വീടുകളില്‍ അക്വേറിയത്തില്‍ അലങ്കാര മത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനോ തടസ്സമുണ്ടാകില്ല. ഭേദഗതി പ്രകാരം ലൈസന്‍സില്ലാത്ത ഒരാള്‍ക്കും വ്യാവസായിക അടിസ്ഥാനത്തില്‍ അലങ്കാര മത്സ്യങ്ങളുടെ കൃഷിയിലോ വിപണനത്തിലോ ഏര്‍പ്പെടാന്‍ കഴിയില്ല.ടിക്കറ്റ് വച്ച് 30 ദിവസത്തിന് മുകളില്‍ പ്രദര്‍ശനം സംഘടിപ്പിക്കരുതെന്ന നിര്‍ദ്ദേശത്തേയും ഏറെ ആശങ്കയോടെയാണ് നിക്ഷേപകര്‍ കാണുന്നത്.