Sunday, May 5, 2024
HealthkeralaNews

ഇടുക്കി ആദിവാസി ഊരില്‍ വാക്സിനെടുക്കാത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ്

കോവിഡ് വാക്സിനേഷനെ ചൊല്ലി പുതിയ വിവാദം. ഇടുക്കി ജില്ലയില്‍ വാക്സിനെടുക്കാത്തവര്‍ക്കു പോലും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇടുക്കി കണ്ണംപടിയിലാണ് സംഭവം. വാക്സിന്‍ എടുക്കാനായി പേര് രജസ്റ്റര്‍ ചെയ്തെങ്കിലും വാക്സിന്‍ എടുക്കാന്‍ കഴിയാതെ മടങ്ങിയ ആദിവാസി ഊരുമൂപ്പന്‍മാര്‍ അടക്കമുള്ളവര്‍ക്കാണ് വാക്സിന്‍ എടുത്തു എന്ന രീതിയില്‍ സന്ദേശമെത്തിയത്.

കഴിഞ്ഞ ദിവസമാണ് മേഖലയിലെ ആറ് കുടികളിലുള്ളവര്‍ക്കായി വാക്സിനേഷന്‍ ക്യാമ്പ് നടത്തിയത്. കണ്ണമ്പടി സ്‌കൂളിലായിരുന്നു ക്യാമ്പ്. 650 പേര്‍ക്കാണ് രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ നല്‍കിയത്. എന്നാല്‍ 457 പേര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കാനായത്. വാക്സിന്‍ ലഭിക്കാതെ മടങ്ങിയവരില്‍ ഉരുമൂപ്പന്‍മാര്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. ഇവര്‍ക്കാണ് വൈകുന്നേരത്തോടെ വാക്സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഫോണില്‍ സന്ദേശവും ഡൗണ്‍ലോഡ് ചെയ്യാന്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചത്. വാക്സിന്‍ ലഭിക്കാതെ സന്ദേശം വന്നതില്‍ സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ സാങ്കേതിക പിഴവാണ് ഇതിന് കാരണമെന്നും ഇത് പരിഹരിച്ച് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.