Friday, May 17, 2024
keralaNewspolitics

സൈബര്‍ ആക്രമണം: പൊലീസിനും സൈബര്‍ സെല്ലിനും വനിത കമ്മീഷനും പരാതി നല്‍കി

കോട്ടയം: സൈബര്‍ ആക്രമണത്തില്‍ പരാതിയുമായി അച്ചു ഉമ്മന്‍. പൊലീസിനും സൈബര്‍ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മന്‍ പരാതി നല്‍കി. സെക്രട്ടറിയേറ്റിലെ മുന്‍ ഉദ്യോഗസ്ഥനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഒപ്പം തന്നെ മറ്റ് വ്യാജപ്രചരണങ്ങളും പുറത്തുവന്നിരുന്നു.                                                                                            തനിക്കെതിരെ നടന്ന സൈബര്‍ അതിക്രമങ്ങളും ഫേസ്ബുക്ക് ലിങ്കുകള്‍ അടക്കമാണ് പരാതി. കെ നന്ദകുമാര്‍ എന്ന വ്യക്തിക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ അച്ഛനെ വേട്ടയാടി ഇപ്പോള്‍ മക്കളെ വേട്ടയാടുന്നുവെന്ന് അച്ചു ഉമ്മന്‍ മുമ്പ് പ്രതികരിച്ചിരുന്നു. മുഖമില്ലാത്തവര്‍ക്കെതിരെ നിയമനടപടിക്കില്ല. ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെ. സൈബര്‍ ആക്രമണം അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അവര്‍ പറഞ്ഞു. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയും അച്ചു ഉമ്മന്‍ പ്രതികരിച്ചിരുന്നു.                                                                                                                               സൈബര്‍ പോരാളികള്‍ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള്‍ നടത്തുന്നു എന്ന് അച്ചു കുറിപ്പില്‍ പറഞ്ഞു. പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ സല്‍പേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള സൈബര്‍ പ്രചാരണങ്ങള്‍ നിരാശാജനകമാണെന്നും അച്ചു ഉമ്മന്‍ കുറിച്ചു. തന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാന്‍ ഉറച്ചുനില്‍ക്കുന്നു എന്ന് കൂട്ടിച്ചേര്‍ത്താണ് അച്ചു ഉമ്മന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.                                                                 വികസനമാണ് പ്രചാരണ വിഷയമെങ്കിലും സൈബറിടങ്ങളില്‍ പുതുപ്പളളിപ്പോര് അങ്ങനെയല്ല. സ്ഥാനാര്‍ത്ഥികളുടെ വ്യക്തി ജീവിതവും നടപ്പും സ്വത്തും അച്ഛന്റെ പ്രായവും പറഞ്ഞ് അധിക്ഷേപങ്ങളുടെ പേജുകളില്‍ പ്രചരിക്കുന്നു. ഏറ്റവുമൊടുവില്‍ അച്ചു ഉമ്മനെതിരായ ആക്രമണമുണ്ടായി. മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നാലെയായിരുന്നു അച്ചു ഉമ്മനെതിരെ സൈബറാക്രമണം ഉണ്ടായത്.