Friday, April 26, 2024
keralaNews

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ അമ്പത് അടി താഴേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: തോക്കുപാറയ്ക്ക് സമീപം എസ് വളവില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം അമ്പത് അടി താഴേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം, കോട്ടയം പാലയ്ക്ക് സമീപം മാനത്തൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടിരുന്നു.14 പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. തമിഴ്‌നാട് വെല്ലൂരില്‍ നിന്നുളള തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. റോഡിന് സമീപത്തെ മതിലിലേക്ക് ബസ് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. ബസിന്റെ ജനല്‍ ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാത്രി ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. കഴിഞ്ഞ മാസം കുമളിക്ക് സമീപം തമിഴ്‌നാട്ടില്‍ ശബരിമലയില്‍ നിന്നും മടങ്ങിയ തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേര്‍ മരണപ്പെട്ടിരുന്നു.