Monday, April 29, 2024
keralaNewspolitics

ഹരിത കര്‍മസേനയുടെ യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ അത് കെട്ടിട നികുതി കുടിശ്ശികയാക്കി കണക്കാക്കും

തിരുവനന്തപുരം : ഹരിത കര്‍മ്മസേനയ്ക്ക് യൂസര്‍ഫീ നല്‍കിയില്ലെങ്കില്‍ കെട്ടിട നികുതിയില്‍ കുടിശ്ശികയായി കണക്കാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ്. കുടുംബശ്രീ മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മസേന കേരളത്തിലെ എല്ലാ വാര്‍ഡുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ യൂസര്‍ഫീ നല്‍കാന്‍ ആളുകള്‍ മടികാണിക്കുന്നതിന്റെ സാഹചര്യത്തിലാണ് പുതിയ തീരുമാനം. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യകളും അജൈവ മാല്യന്യങ്ങളും ശേഖരിക്കുന്നതിന് അതത് തദ്ദേശഷ സ്ഥാപനങ്ങല്‍ പ്രവര്‍ത്തകര്‍ക്ക് യൂസര്‍ഫീ തീരൂമാനിച്ച് നല്‍കണം. തദ്ദേശ സ്ഥാപനങ്ങളുടെ സ്വഭാവവും പ്രദേശത്തിന്റെ പ്രത്യേകതയും അനുസരിച്ചായിരിക്കും യൂസര്‍ ഫീ തീരുമാനിക്കുന്നത്. 50 മുതല്‍ 100 രൂപവരെയാണ് പ്രതിമാസ യൂസര്‍ഫീ. എന്നാല്‍ ഈ യൂസര്‍ഫീ നല്‍കാന്‍ ആളുകള്‍ തയ്യാറാകുന്നില്ലെന്നും മാലിന്യ ശേഖരണത്തിന് കൃത്യമായി പ്രവര്‍ത്തകര്‍ എത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യൂസര്‍ ഫീ നല്‍കുന്നതില്‍ കുടിശ്ശിക വന്നാല്‍ അത് കെട്ടിട നികുതിയില്‍ ഉള്‍പ്പെടുത്തി ഈടാക്കാനാണ് തീരുമാനം. ഇത് എല്ലാവര്‍ക്കും ബാധകമാണ്. ഇതില്‍ ഏതെങ്കിലും വിഭാഗത്തിനെ ഒഴിവാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക് ഹരിത കര്‍മസേനയുടെ സേവനം നിഷേധിക്കാവുന്നതാണ്. സ്വന്തമായി വസ്തു ഉള്ളവര്‍ക്കുപോലും അജൈവ മാലിന്യങ്ങള്‍ വലിച്ചെറിയാനും കുഴിച്ചിടാനും നിലവില്‍ വ്യവസ്ഥയില്ല. നിലവില്‍ കേരളത്തില്‍ 30000 ഹരിത കര്‍മസേന അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.