Tuesday, May 14, 2024
keralaNews

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഫെബ്രുവരി ഒന്നുമുതല്‍

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഫെബ്രുവരി ഒന്നുമുതല്‍ നടപ്പാക്കാന്‍ ആലോചന. മിനിമം ചാര്‍ജ് പത്തുരൂപയാക്കും. ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് സൌജന്യയാത്ര ഉറപ്പാക്കി വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ അഞ്ചു രൂപയായി ഉയര്‍ത്തും.
ബസ്ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് നല്‍കിയ ശുപാര്‍ശകള്‍ക്ക് മുഖ്യമന്ത്രിയുടെ പച്ചക്കൊടി ലഭിച്ചെന്നാണ് വിവരം. ഇതോടെ അടുത്തമാസം ഒന്നു മുതല്‍ ചാര്‍ജ് വര്‍ധന നടപ്പാക്കാനാണ് നീക്കം. ബസുടമുകളുമായി ഒരിക്കല്‍ കൂടി ഗതാഗതമന്ത്രി ചര്‍ച്ച നടത്തി തീരുമാനം പ്രഖ്യാപിക്കും. 2.5 കിമി ദൂരത്തിനുള്ള മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്നും 10 രൂപയാക്കി ഉയര്‍ത്താനാണ് നീക്കം. കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാക്കും. ഈ നിരക്കിന് ആനുപാതികമായാണ് തുടര്‍ന്നുള്ള വര്‍ധന. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യബസുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ല. പകരം രാത്രിയാത്രയ്ക്ക് പ്രത്യേക നിരക്ക് വരും. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനുമിടയിലുള്ള ഓര്‍ഡിനറി സര്‍വീസുകളില്‍ 50 ശതമാനം അധികചാര്‍ജ് ഈടാക്കും. ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ബസ് യാത്ര പൂര്‍ണമായി സൗജന്യമാക്കാനാണ് തീരുമാനം.