Monday, April 29, 2024
indiaNewspolitics

രാഹുലിനെതിരെ അപകീര്‍ത്തി പരാമര്‍ശം കേസുകള്‍ വേറെയുമുണ്ട്

ദില്ലി : രാഹുലിനെതിരെ അപകീര്‍ത്തി പരാമര്‍ശം കേസുകള്‍ വേറെയുമുണ്ട് . 2019ല്‍ മോദി എന്ന പേരുള്ളവര്‍ കള്ളമാരാണോ എന്ന പരാമര്‍ശത്തില്‍ മറ്റൊരു മാനനഷ്ടകേസില്‍ രാഹുലിനെ പട്‌നയിലെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടായിരുന്നു. 2016ലെ നോട്ട് നിരോധനത്തിന് ശേഷം ബാങ്ക് കറന്‍സി നോട്ടുകളില്‍ അഴിമതി നടത്തിയെന്ന ആരോപണം അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെതിരെ ഉന്നയിച്ചതോടെ ബാങ്ക് നല്‍കിയ മാനനഷ്ടക്കേസില്‍ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ജാമ്യം 2019-ല്‍ അനുവദിച്ചിരുന്നു.
2019ല്‍ മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ബിജെപി – ആര്‍എസ്എസ് ആശയങ്ങളുമായി ബന്ധപ്പെടുത്തിയതില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ മുംബൈയിലെ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു. 2015 ഡിസംബറില്‍ അസമിലെ ബാര്‍പേട്ട സത്രത്തില്‍ പ്രവേശിക്കുന്നതില്‍ ആര്‍എസ്എസ് തടഞ്ഞുവെന്ന രാഹുലിന്റെ ആരോപണത്തെ തുടര്‍ന്ന് ആര്‍എസ്എസ് നല്‍കിയ മാനനഷ്ടക്കേസില്‍ ഗുവാഹട്ടി കോടതി 2016-ല്‍ കോണ്‍ഗ്രസ് നേതാവിന് ജാമ്യം അനുവദിച്ചു. മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന് ആരോപിച്ച രാഹുലിനെതിരെ 2016-ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ കേസില്‍ മഹാരാഷ്ട്രയിലെ കോടതിയും രാഹുലിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ മോദി സമുദായത്തിലുള്ളവരെ അപമാനിച്ചകേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രാഹുലിനെ കുറ്റക്കാരനാക്കി രണ്ട് വര്‍ഷം തടവിന് വിധിച്ചു. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് മാനനഷ്ടക്കേസ് നല്‍കിയത്. വിധിക്കെതിരെ 30 ദിവസത്തിനകം രാഹുലിന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം.