Tuesday, May 14, 2024
keralaNewspolitics

മുഖ്യമന്ത്രി പിണറായി വിജയനായി പ്രതിരോധക്കോട്ട കെട്ടി ഇടതുമുന്നണി എംഎല്‍എമാര്‍.

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍, മുഖ്യമന്ത്രി പിണറായി വിജയനായി പ്രതിരോധക്കോട്ട കെട്ടി ഇടതുമുന്നണി എംഎല്‍എമാര്‍. സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് ഭരണമുന്നണിയില്‍നിന്ന് ആദ്യം സംസാരിച്ച വി.ജോയ് അഭിപ്രായപ്പെട്ടു. ഈ എപ്പിസോഡിലെ അംഗങ്ങളെ കൂട്ടിയോജിപ്പിക്കുന്നത് ബിജെപി കോണ്‍ഗ്രസ് സഖ്യമാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എല്ലാവര്‍ക്കും മനസിലാകുന്ന കാര്യത്തിലാണ് പൊറാട്ട് നാടകവുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത് കേരള കോണ്‍ഗ്രസ് (എം) നേതാവ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി.ഇവര്‍ക്കു പുറമെ പി.ബാലചന്ദ്രന്‍ (സിപിഐ), എ.എന്‍.ഷംസീര്‍ (സിപിഎം), തോമസ് കെ.തോമസ് (എന്‍സിപി), കെ.ബി.ഗണേഷ്‌കുമാര്‍ (കേരള കോണ്‍ഗ്രസ് ബി), മാത്യു ടി.തോമസ് (ജെഡിഎസ്), കെ.ടി.ജലീല്‍ (സിപിഎം സ്വത.) എന്നിവരാണ് ഇടതുമുന്നണിക്കായി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നത്. പിന്നീട് മന്ത്രിമാരും സംസാരിക്കും.ജനങ്ങള്‍ക്ക് താല്‍പര്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞതോടെയാണ് സ്വര്‍ണക്കടത്തു കേസ് സഭയില്‍ ചര്‍ച്ചയായത്. കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയ നോട്ടിസാണിത്. ആദ്യ പ്രമേയം സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ചായിരുന്നു.

വി.ജോയ് (സിപിഎം)

സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഈ എപ്പിസോഡിലെ അംഗങ്ങളെ കൂട്ടിയോജിപ്പിക്കുന്നത് ബിജെപി കോണ്‍ഗ്രസ് സഖ്യമാണ്. എല്‍ഡിഎഫിലെ ആരുടെയും ദല്ലാളല്ല ഷാജ് കിരണ്‍ (രമേശ് ചെന്നിത്തലയ്ക്കും കര്‍ണാടകയിലെ ബിജെപി മന്ത്രിക്കും കുമ്മനം രാജശേഖരനും ഒപ്പം ഷാജ് കിരണ്‍ നില്‍ക്കുന്ന ഫോട്ടോയും വി.ജോയ് സഭയില്‍ ഉയര്‍ത്തിക്കാട്ടി). സ്വപ്നയുടെ അഭിഭാഷകന്‍ കൃഷ്ണരാജിന്റെ ഏറ്റവും വലിയ അടുപ്പക്കാരന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. സതീശനുമായി 29 വര്‍ഷത്തെ അടുത്ത സൗഹൃദമാണെന്നാണ് കൃഷ്ണരാജ് സമൂഹ മാധ്യമത്തില്‍ കുറിച്ചത്. സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുന്‍പായി പൊട്ടിക്കാനിരുന്നതാണ്. എന്നാല്‍, കോടതി ഇടപെടലുകള്‍ കാരണം അതിനു കഴിഞ്ഞില്ല.

സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (കേരള കോണ്‍ഗ്രസ് എം).

രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എല്ലാവര്‍ക്കും മനസിലാകുന്ന കാര്യത്തിലാണ് പൊറാട്ട് നാടകവുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ മതനിരപേക്ഷതയുടെ മുഖമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍.

പി.ബാലചന്ദ്രന്‍ (സിപിഐ).

അടിയന്തര പ്രമേയത്തിനു പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. ഇതിന്റെ സംവിധായകന്‍ കെ.സുരേന്ദ്രനും പി.സി.ജോര്‍ജുമാണ്. നിര്‍മാണം വി.ഡി.സതീശനും. ലൈറ്റ് ബോയിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും പ്രതിപക്ഷ നിരക്കാരാണ് പ്രതിപക്ഷത്തിനു വേണ്ടത് മുഖ്യമന്ത്രിയുടെ തലയാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്കായി കേന്ദ്രം ഇഡിയെ ഉപയോഗിക്കുകയാണ്. സര്‍ക്കാരിനെ ഏതു വിധത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയും എന്നു നോക്കുന്നതിന്റെ അവസാന അടവാണ് വയനാട്ടില്‍ കണ്ടത്. ഷാഫി പറമ്പില്‍ ആരോപണങ്ങളുടെ ബിരിയാണി ചെമ്പ് തുറന്നെങ്കിലും അദ്ദേഹത്തിനു ഭക്ഷ്യ വിഷബാധയുണ്ടായി.

എ.എന്‍.ഷംസീര്‍ (സിപിഎം).

ചിത്രം സിനിമപോലെ ഒരു വര്‍ഷം തുടര്‍ച്ചയായി ഓടിയിട്ടും സ്വര്‍ണക്കടത്തു കേസിന്റെ ആദ്യ എപ്പിസോഡ് കെപിസിസിക്കു നഷ്ടമായി പോയി. ഇസ്ലാമോഫോബിയയുടെ വക്താക്കളായി യുഡിഎഫ് മാറി. ഖുറാന്‍, ഈന്തപ്പഴം, ബിരിയാണി ചെമ്പ് എന്ന രീതിയിലാണ് തെറ്റായ പ്രചാരണങ്ങള്‍. മത ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഏക മുഖം പിണറായി വിജയന്റേതാണ്. കേരളത്തില്‍ വൈദ്യുതിയിലൂടെ പ്രകാശം പരത്തിയ മുഖ്യമന്ത്രിയാണ് പിണറായി. അതിന്റെ പേരില്‍ ലാവ്ലിന്‍ കേസ് വന്നു. പ്രതിപക്ഷം കെട്ടിപ്പൊക്കിയ കമല ഇന്റര്‍നാഷനല്‍ എവിടെപ്പോയി? പിണറായിയുടെ ഗ്രാമത്തില്‍ ആര്‍ക്കും സംഘടനാപരമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് കള്ളം പറഞ്ഞു. പക്ഷേ, അതിനെയെല്ലാം അതിജീവിച്ച് അദ്ദേഹം തുടര്‍ച്ചയായി മുഖ്യമന്ത്രിയായി. പവനായിയെന്ന സിനിമാ കഥാപാത്രത്തെയാണ് വി.ഡി.സതീശനെ കാണുമ്പോള്‍ ഓര്‍ക്കുന്നത്. പവനായി ശവമായ അവസ്ഥയാണ് അദ്ദേഹത്തിന്റേത്.

കെ.ബി.ഗണേഷ്‌കുമാര്‍ (കേരള കോണ്‍ഗ്രസ് ബി).

സംഘപരിവാറിനെയും വര്‍ഗീയ ശക്തികളെയും തടയാന്‍ എല്‍ഡിഎഫിനും മുഖ്യമന്ത്രി പിണറായി വിജയനും മാത്രമേ കഴിയൂ. അദ്ദേഹത്തെ തളര്‍ത്തുകയാണ് പ്രതിപക്ഷ ലക്ഷ്യം. ക്ലിഫ് ഹൗസിലേക്കു ബിരിയാണി പാത്രത്തില്‍ സ്വര്‍ണം കൊണ്ടുവന്നെന്നു പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ല. കഴമ്പില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അരാജകത്വം സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമം.

കെ.ടി.ജലീല്‍ (സിപിഎം സ്വതന്ത്രന്‍).

സ്വര്‍ണക്കടത്തു കേസില്‍ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാക്കളാരും പിന്നീട് സഭ കണ്ടിട്ടില്ല. പാവപ്പെട്ടവര്‍ക്കു ഭക്ഷ്യകിറ്റ് വിതരണം ചെയ്തപ്പോള്‍ സ്വര്‍ണകിറ്റാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ പറഞ്ഞു. അത് യുഡിഎഫ് ഏറ്റുപിടിച്ചു. ആ വാദം പൊളിഞ്ഞു. ഈന്തപ്പഴത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്ബിജെപി സഖ്യം വീണ്ടുമെത്തി. അനാഥാലയത്തിലാണ് ഈന്തപ്പഴം കൊടുത്തത്. എന്നിട്ടും സ്വര്‍ണം കടത്തി എന്ന് ആവര്‍ത്തിച്ചു. പിന്നീട് ഖുറാന്റെ പേരില്‍ സ്വര്‍ണം കടത്തി എന്നു പറഞ്ഞു. ഖുറാന്‍ പാക്കറ്റുകളുടെ തൂക്കം ശരിയല്ലെന്നും ആരോപണം ഉന്നയിച്ചു. സ്വര്‍ണക്കടത്തു കേസിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും കേരളത്തെ കലാപക്കളമാക്കി. അന്വേഷിച്ചിട്ടും കേന്ദ്ര ഏജന്‍സികള്‍ക്ക് ഒന്നും ലഭിച്ചില്ല. ആരെയും തൊടാന്‍ ഏജന്‍സികള്‍ക്കു കഴിഞ്ഞില്ല. യുഎഇ കോണ്‍സുലേറ്റ് നികുതി അടയ്ക്കുന്നതോടെ ഖുറാന്‍ കേരളത്തില്‍ എത്തിച്ച കേസ് അവസാനിക്കുമെന്നാണ് കസ്റ്റംസിന്റെ നോട്ടിസില്‍ പറയുന്നത്.