Saturday, May 4, 2024
keralaNewsUncategorized

നഴ്‌സിംഗ് റൂമില്‍ അതിക്രമിച്ച് കയറി രോഗി രണ്ട് ജീവനക്കാരെ കത്രികകൊണ്ട്    കുത്തി പരിക്കേല്പിച്ചു

ആലപ്പുഴ: താലൂക്ക് ആശുപത്രിയില്‍ രണ്ട് ജീവനക്കാരെ രോഗി കത്രികകൊണ്ട് കുത്തി പരിക്കേല്പിച്ചു. കായംകുളം താലൂക്ക് ആശുപത്രിയിലെ ഹോം ഗാര്‍ഡിനും, സുരക്ഷാ ജീവനക്കാരനുമാണ് കുത്തേറ്റത്. കാലില്‍ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജനാണ് രണ്ട് ജീവനക്കാരെയും കുത്തിയത്. നഴ്‌സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറി നഴ്‌സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞപ്പോഴാണ് ആക്രമണം. ആദ്യം ഹോം ഗാര്‍ഡ് വിക്രമനെ കത്രിക കൊണ്ടാണ് ദേവരാജന്‍ കുത്തിയത്. അക്രമം തടയാനെത്തിയ സുരക്ഷാ ജീവനക്കാനായ മധുവിനും കുത്തേറ്റു. ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാലില്‍ മുറിവേറ്റതിന് ചികിത്സയ്ക്ക് എത്തിയതാണ് ദേവരാജനെന്ന് പൊലീസ് പറഞ്ഞു. പെട്ടന്ന് പ്രകോപിതനായ ഇയാള്‍ നഴ്‌സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ഹോം ഗാര്‍ഡിനെ അവിടെയുണ്ടായിരുന്ന കത്രിക കൈക്കലാക്കി കുത്തുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ മധുവിന്റെ വലത് കൈക്കും ഹോം ഗാര്‍ഡ് വിക്രമന്റെ വയറ്റിലുമാണ് കുത്തേറ്റത്. വിവരമറിഞ്ഞെത്തി അക്രമിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരായ ശിവകുമാര്‍, ശിവന്‍ പിള്ള എന്നിവര്‍ക്കും പരിക്കേറ്റു. ദേവരാജനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.