Friday, May 3, 2024
Newsworld

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്

ഇസ്ലാമാബാദ് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ (പിടിഐ) ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറന്റുമായി ഇസ്ലാമാബാദ് പൊലീസ്. ലഹോറിലെ സമാന്‍ പാര്‍ക്കിലെ ഇമ്രാന്റെ വസതിയില്‍ പൊലീസ് എത്തിയെന്നാണ് റിപ്പോര്‍ട്ട്. തോഷഖാന കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന.കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നീക്കം. സെഷന്‍സ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറന്റില്‍ ഇമ്രാന്‍ ഖാനെ കസ്റ്റഡിയിലെടുത്ത ശേഷം മാര്‍ച്ച് ഏഴിന് കോടതിയില്‍ ഹാജരാകാനാണ് ഉത്തരവ്. ഇമ്രാന്റെ വസതിക്കു മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധവുമായി ഇമ്രാന്റെ അനുയായികളും രംഗത്തെത്തി. അറസ്റ്റ് തടയാന്‍ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തണമെന്ന് പ്രവര്‍ത്തകരോട് പാര്‍ട്ടി ആവശ്യപ്പെട്ടു. ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് പിടിഐ സീനിയര്‍ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി പറഞ്ഞു.