Monday, April 29, 2024
EntertainmentkeralaNews

മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളെ വിസ്തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട സാക്ഷി വിസ്താരത്തില്‍ മഞ്ജു വാര്യര്‍ അടക്കം 20 സാക്ഷികളെ ഇന്ന് വിസ്തരിക്കും.  ഇതിനിടെ കേസില്‍ അഭിഭാഷകരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും. തുടരന്വേഷണത്തിലെ 39 സാക്ഷികളില്‍ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷന്‍ കോടതിയ്ക്ക് കൈമാറിയത്. ഇതില്‍ മഞ്ജുവാര്യര്‍, സാഗര്‍ വിന്‍സെന്റ്, മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു.കോടതി സാക്ഷികള്‍ക്ക് നോട്ടീസ് അയക്കുന്ന നടപടികള്‍ തുടങ്ങി.കേസില്‍ ബാലചന്ദ്രകുമാര്‍, ഹാക്കര്‍ സായ് ശങ്കര്‍ അടക്കമുള്ളവരെ ആദ്യഘട്ടം വിസ്തരിച്ചു. ബാലചന്ദ്രകുമാറിന്റെ പ്രതിഭാഗം ക്രോസ് വിസാതരം ഉടന്‍ പൂര്‍ത്തിയാകും. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിച്ചത്. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി സായ് ശങ്കര്‍ ആവര്‍ത്തിച്ചെന്നാണ് സൂചന. ഇതിനിടെ കേസില്‍ തെളിവ് നശിപ്പിച്ച 3 അഭിഭാഷകരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അതിജീവിത വീണ്ടും നീക്കം തുടങ്ങി. ഇവരെ പ്രതി ചേര്‍ക്കാന്‍ അന്വഷണ സംഘം ആദ്യം ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയില്ല. എന്നാല്‍ കേസിലെ തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതിയാക്കാതെ കേസ് പൂര്‍ണ്ണമാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. രണ്ട് വര്‍ഷമായി തുടരുന്ന വിചാരണ നടപടികള്‍ ഫെബ്രുവരി അവസാനം പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ വിധി പ്രസ്താവിക്കുമെന്നാണ് കരുന്നത്.