Sunday, May 5, 2024
keralaNews

തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും.

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്ക് ശ്രാന്പിക്കല്‍ കൊട്ടാരത്തില്‍ നിന്ന് തിരുവാഭരണം വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചിരുന്നു.പന്തളം കൊട്ടാരത്തിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ നടക്കുന്നത്. വലിയ കോയിക്കല്‍ ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം പതിനൊന്നര വരെ ഭക്തര്‍ക്ക് തിരുവാഭരണ ദര്‍ശനത്തിനുള്ള അവസരമുണ്ട്.ഇരുത്തിയഞ്ച് പേരാണ് തിരവാഭരണ പേടകവാഹക സംഘത്തിലുള്ളത് . ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം ശിരസിലേറ്റുന്നത് ഗുരു സ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയാണ്. അനാരോഗ്യം മൂലം ഘോഷയാത്രയില്‍ മുഴുവന്‍ സമയവും അദ്ദേഹം ഉണ്ടാകില്ല. പരമ്പരാഗത പാതയിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്ര ആദ്യ ദിനം അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിനം ളാഹ സത്രത്തിലും തങ്ങും. പന്തളം ഊട്ടുപുര കൊട്ടാരത്തിലെ രാജരാജ വര്‍മ്മയാണ് ഘോഷയാത്രയെ അനുഗമിക്കുന്ന രാജപ്രതിനിധി. ശനിയാഴ്ചയാണ് മകരവിളക്ക്.