ഇലന്തൂര്‍ ഇരട്ട ആഭിചാര കൊല; പ്രതികള്‍ക്ക് മേല്‍ പീഡനക്കുറ്റം ചുമത്താന്‍ അന്വേഷണ സംഘം
ഇലന്തൂര്‍: നാടിനെ നടുക്കിയ ഇലന്തൂര്‍ നരബലി ഇരട്ട ആഭിചാര കൊലക്കേസിലെ മൂന്ന് പ്രതികള്‍ക്ക് മേല്‍ പീഡനക്കുറ്റം കൂടി അന്വേഷണ സംഘം ചുമത്തും. ഇതിനായി അന്വേഷണ സംഘം നിയമോപദേശം തേടി.പീഡനക്കുറ്റം ചുമത്താന്‍ കഴിയുമെങ്കില്‍ ഈ വകുപ്പ് കൂടി ചുമത്തിയാകും കുറ്റപത്രം സമര്‍പ്പിക്കുക. ഇതിന്റെ ഭാഗമായി പ്രതികളായ ഷാഫിയുടെയും ഭഗവല്‍ സിംഗിന്റെയും ശേഷി പരിശോധന നടത്തി. പ്രതികള്‍ക്ക് മേല്‍ മോഷണക്കുറ്റം കൂടി ചുമത്തിയാകും കുറ്റപത്രം. നിലവില്‍ പോലീസ് കസ്റ്റഡിയിലാണ് പ്രതികള്‍. കഴിഞ്ഞ ദിവസങ്ങളായി ഇവരെ വിവിധയിടങ്ങളില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. ഇന്നും തെളിവെടുപ്പ് തുടരും. ഇതിനിടെ പ്രതികളെ ചോദ്യം ചെയ്യുന്നതും തുടരുകയാണ്. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ആയിരുന്നു പുറത്തുവന്നത്. ഇലന്തൂരിലെ ആഭിചാര കൊലകള്‍ക്ക് മുന്‍പ് ഷാഫി മറ്റൊരു കൊല കൂടി ചെയ്തെന്ന് ആയിരുന്നു പ്രതി ലൈല പോലീസിനോട് പറഞ്ഞത്. ഇതില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ പറയുന്ന കാര്യങ്ങള്‍ മുഴുവനും പോലീസ് മുഖവിലക്കെടുക്കുന്നുമില്ല. ഇതിനിടെ മുഹമ്മദ് ഷാഫി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് .