Sunday, May 5, 2024
InterviewkeralaLocal NewsNews

പൊറോട്ടക്കാരി അനശ്വര ഇനി വക്കീലാണ്….

എരുമേലി: ജീവിതയാത്രയില്‍ അമ്മയോടൊപ്പം ചേര്‍ന്ന് അനശ്വര എന്ന പൊറാട്ടക്കാരി ഇനി മുതല്‍ വക്കീലും കൂടിയാണ്.എരുമേലി കൊരട്ടി കാശാംകുറ്റിയില്‍ ഹരി- സുബി ദമ്പതികളുടെ മകള്‍ അനശ്വര ഹരിയാണ് ജീവിതപോരാട്ടങ്ങളിലൂടെ പഠിച്ച് നിയമ പോരാട്ടങ്ങളുടെ വഴിയില്‍ എത്തിയിരിക്കുന്നത്. തൊടുപുഴ അല്‍ അസര്‍ കോളേജിലാണ് അനശ്വര എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കിയത്.മെയ് മാസത്തിലാണ് എന്റോള്‍മെന്റ് ആരംഭിക്കുന്നത്.ലേറ്റ് ഫീസ് ഇല്ലാതെ എന്റോള്‍മെന്റ് ഫീസ് 25000 രൂപയാണ്, ഏപ്രില്‍ 14ന് മുമ്പായി ചേരണം.

അമ്മ സുബിയെ സഹായിക്കാനായാണ് നിയമവിദ്യാര്‍ഥിനിയായ അനശ്വര ഹോട്ടലില്‍ പൊറോട്ടയടിക്കാന്‍ തുടങ്ങിയത്.
ഒരു കുഞ്ഞുവീടും അതിനോട് ചേര്‍ന്ന ചെറിയ ഹോട്ടലും. എരുമേലി കാഞ്ഞിരപ്പള്ളി റോഡില്‍ കുറുവാമൂഴിയാണ് അനശ്വരയുടെ സ്ഥലം.അമ്മമ്മയാണ് ആര്യ ഹോട്ടല്‍ തുടങ്ങിയത്. പിന്നീട് അനശ്വരയുടെ അമ്മ സുബിയും സഹോദരിമാരായ മാളവികയും അനാമികയും ഹോട്ടലിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. അനശ്വരയ്ക്കും കുടുംബത്തിനും സ്വന്തമായി വീടില്ല. ഹോട്ടലിനോട് ചേര്‍ന്നുള്ള കാശാംകുറ്റിയില്‍തറവാട്ടുവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. എരുമേലി നിര്‍മല പബ്ലിക് സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി യും ,വെണ്‍കുറിഞ്ഞി എസ് എന്‍ ഡി പി എച്ച് എസ് എസില്‍ നിന്നും പ്ലസ് ടുവും പാസ്സായ അനശ്വര ഇടതുപക്ഷ സഹയാത്രികയും എസ് എഫ് ഐ ,ഡി വൈ എഫ് ഐ നേതാവുമാണ് .എസ് എന്‍ ഡി പി യുടെ യൂത്ത് മൂവ്‌മെന്റ്,സൈബര്‍ സേനയുടെ ഭാരവാഹിയാണ്.സുപ്രീം കോടതിയിലെ അഭിഭാഷനായ മനോജ് വി.ജോര്‍ജ് തങ്ങളുടെ ജൂനീയര്‍ ആയി പ്രവര്‍ത്തിക്കാന്‍ അനശ്വരയെ ക്ഷണിച്ചിരുന്നു.സിനിമാതാരവും എം പിയുമായ സുരേഷ് ഗോപി, നിരവധി ജനപ്രതിനിധികള്‍ സമുദായ സാമൂഹിക നേതാക്കളൊക്കെ അനശ്വരയുടെ കഥയറിഞ്ഞ് നേരിട്ട് എത്തി പിന്തുണ നല്കിയിരുന്നു.ഡല്‍ഹി ആസ്ഥാനമായ ലീഗല്‍ കമ്പനി സുപ്രീം കോടതിയില്‍ പ്രാക്ടീസിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.നിരവധി ജോലി ഓഫറുകളും അനശ്വരക്ക് ലഭിച്ചിട്ടുണ്ട്.