Friday, May 17, 2024
keralaNewspolitics

വിഎസ് അച്യുതാനന്ദന് ഇന്ന് 97-ാം പിറന്നാള്‍.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നൂറിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍, ജനനായകന്‍ വി.എസ് അച്യുതാനന്ദന് ഇന്ന് 97-ാം പിറന്നാള്‍. വി.എസ് എന്ന രണ്ടക്ഷരം മലയാളിക്ക് പോരാട്ടത്തിന്റെ പര്യായമാണ്. നാടുവാഴിത്തത്തിനെതിരായ സമരങ്ങളില്‍ തുടങ്ങി കര്‍ഷകര്‍ക്കും തൊഴിലാളിവര്‍ഗത്തിനും പിന്നീട് പരിസ്ഥിതിക്കും സ്ത്രീസമത്വത്തിനുമായി മാറ്റിവെച്ച എട്ട് പതീറ്റാണ്ട്.

സഖാവ് വി.എസ്. അതില്‍ കൂടുതലൊരു മുഖവുര ആവശ്യമില്ല. എട്ട് പതിറ്റാണ്ടുകാലമായി കേരളത്തിന്റെ രാഷ്ട്രീയസാമൂഹിക സ്പന്ദനത്തിന്റെ ഭാഗമായ വി.എസ് അച്യുതാനന്ദനോളം വലിയൊരു നേതാവ് ഇന്ന് മലയാളിക്കില്ല. പുന്നപ്രവയലാര്‍ സമരനായകനായിട്ടാണ് വി.എസ് പോരാട്ടവഴികളില്‍ സജീവമാകുന്നത്. മരിച്ചെന്നുകരുതി സര്‍ സി.പിയുടെ പൊലീസ് വലിച്ചെറിഞ്ഞ കാട്ടില്‍ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ വി.എസ് ആ പോരാട്ടവീര്യം പിന്നീടുള്ള ജീവിതത്തിലുടനീളം അത് കാത്തുസൂക്ഷിച്ചു.സംഘടനാരംഗത്ത് അതിവേഗത്തിലായിരുന്നു വി.എസിന്റെ വളര്‍ച്ചയെങ്കിലും പാര്‍ലമെന്ററി രംഗത്ത് ഏറിയും കുറഞ്ഞുമാണ് വി.എസ് ഓരോ പടികളും കയറിയത്. മലയാളികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രി, ഭരണകൂടത്തെ വിറപ്പിച്ച പ്രതിപക്ഷ നേതാവ്. പാര്‍ലമെന്ററി രംഗത്ത് വി.എസ് തീര്‍ത്ത ചലനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്.പലപ്പോഴും മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചെങ്കിലും ജനങ്ങള്‍ ഇടപെട്ട് പാര്‍ട്ടിയുടെ നിലപാട് തിരുത്തുകയായിരുന്നു. വി.എസിന് മലയാളി നല്‍കിയ ഇടം ഇനിയൊരു നേതാവിന് ലഭിക്കുമോ എന്ന കാര്യം സംശയമാണ്.