Saturday, April 20, 2024
keralaNews

ഫെബ്രുവരി 21 മുതല്‍ സ്‌കൂളുകളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി ക്ലാസുകള്‍

തിരുവനന്തപുരം: ഫെബ്രുവരി 21 മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി ക്ലാസുകള്‍ ക്രമീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി 14 മുതല്‍ ഒന്നു മുതല്‍ 9 വരെ ക്ളാസുകളില്‍ രാവിലെ മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തില്‍ ക്ളാസുകള്‍ നടക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതുഅവധി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസങ്ങളായിരിക്കും.10, 11, 12 ക്ലാസുകള്‍ ഇപ്പോഴത്തേതുപോലെ ഫെബ്രുവരി 19 വരെ തുടരും. പത്തു മുതല്‍ പ്ലസ്ടു വരെയുള്ള ക്ളാസുകളിലെ പാഠഭാഗങ്ങള്‍ ഈ മാസം 28നകം പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്ന് റിവിഷന്‍ ആരംഭിക്കും.

ക്രഷ്, കിന്റര്‍ഗാര്‍ട്ടന്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ പ്രീ-പ്രൈമറി ക്ലാസുകള്‍ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. പ്രീപ്രൈമറിയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തിയാവും ക്ളാസ് നടക്കുക. എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ പ്രസിദ്ധീകരിക്കും. ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.