Wednesday, May 15, 2024
keralaLocal Newspolitics

മുട്ടപ്പള്ളി വാര്‍ഡിലെ തര്‍ക്കം തീരില്ല സി.പി.എമ്മും -സി.പി.ഐയും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥി പത്രിക നല്‍കി.

എരുമേലി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡായ മുട്ടപ്പള്ളിയിലെ തര്‍ക്കം പരിഹരിക്കപ്പെടാതെ സിപിഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളായി പത്രിക നല്‍കി.സി.പി.എമ്മും സി.പി.ഐയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന വാര്‍ഡില്‍ മുട്ടപ്പള്ളി സ്വദേശിനി കെ.എന്‍. മഞ്ചുവാണ് സി.പി.ഐ. സ്ഥാനാര്‍ഥി. പമ്പാവാലി കാളകെട്ടി സ്വദേശി എം.എസ്. സതീഷിനെയാണ് സി.പി.എം സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയിരിക്കുന്നത്.എന്നാല്‍ എല്‍ഡിഎഫിലെ തര്‍ക്കം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫ്. രാജന്‍ അറക്കുളത്തെയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ഇറക്കിയിരിക്കുന്നത്.എന്നാല്‍ കഴിഞ്ഞ തവണ ബിജെപി ആദ്യമായി മത്സരത്തില്‍ ജയിക്കുകയും ഏറ്റവുമധികം വികസന പദ്ധതികള്‍ നടപ്പാക്കുകയും ചെയ്ത ഇരുമ്പൂന്നിക്കര സ്വദേശി രജനി ചന്ദ്രശേഖരനാണ് മുട്ടപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയായി ഇവര്‍ക്കൊപ്പം മാറ്റുരയ്ക്കുന്നത്.മുട്ടപ്പള്ളി വാര്‍ഡിലെ സി.പി.എം.-സി.പി.ഐ. തര്‍ക്കം മറ്റ് വാര്‍ഡുകളിലും ഇരുകക്ഷികളിലെയും വിജയത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ മുട്ടപ്പള്ളി ഉള്‍പ്പെടെ നാല് സീറ്റാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് സി.പി.ഐ. നേതൃത്വം പറയുന്നത്.എന്നാല്‍ മുട്ടപ്പള്ളി വാര്‍ഡിന് പകരം മറ്റൊരു വാര്‍ഡ് എന്ന നിലപാടിലായിരുന്നു സി.പി.എം. തര്‍ക്കത്തിനിടെ സി.പി.ഐ. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതോടെയാണ് സ്ഥാനാര്‍ഥിയുമായി സി.പി.എമ്മും രംഗത്തെത്തിയത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും സി.പി.ഐ. സ്ഥാനാര്‍ഥിക്കെതിരെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിക്കുകയുമായിരുന്നു.

ജോസ്.കെ.മാണി വിഭാഗത്തിന്റെ കടന്ന് വരവോടെ എല്‍.ഡി.എഫിലെ രണ്ടാം കക്ഷിയെന്ന പരിഗണന നഷ്ടമാകുന്നതായുള്ള ആശങ്കയും സി.പി.ഐ. പ്രവര്‍ത്തകര്‍ക്കുണ്ട്. ജോസ്.കെ.മാണി വിഭാഗത്തിന് അഞ്ച് സീറ്റാണ് ലഭിച്ചത്.ലഭിച്ച അഞ്ച് സീറ്റില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ച് ജോസ്.കെ. മാണി വിഭാഗം പ്രചാരണ രംഗത്ത് സജീവമായി.23-ല്‍15 വാര്‍ഡില്‍ സി.പി.എമ്മും, 5 വാര്‍ഡില്‍ ജോസ്.കെ.മാണി വിഭാഗവും നാല് വാര്‍ഡില്‍ സി.പി.ഐ.യും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. എരുമേലി, മുക്കൂട്ടുതറ, ചേനപ്പാടി എന്നീ മൂന്ന് ബ്ലോക്ക് ഡിവിഷനും സി.പി.എമ്മിനാണ്.പഞ്ചായത്ത് തലത്തില്‍ യു.ഡി.ഫില്‍ കോണ്‍ഗ്രസ്-19,ലീഗ് -2,ആര്‍.എസ്.പി -2 , എന്‍.ഡി.എയില്‍ ബി.ജെ.പി. -21,ബി.ഡി.ജെ.എസ്.-2.എന്നിങ്ങനെയാണ് സീറ്റ് നില.