Saturday, May 18, 2024
keralaNews

കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്റെ ശവസംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ രാവിലെ 10.30-ന് കോഴിക്കോട് തിരുവണ്ണൂര്‍ പുതിയ കോവിലകം ശ്മശാനത്തില്‍ നടന്നു. തിരുവണ്ണൂരിലെ സംഗീത വിദ്യാലയത്തില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വിശ്വനാഥന്റെ ശിഷ്യരും സുഹൃത്തുക്കളുമായി നിരവധി പേര്‍ എത്തിയിരുന്നു.മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍, മേയര്‍ ബീന ഫിലിപ്പ്, എം കെ രാഘവന്‍ എം.പി തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. സിനിമ സംവിധായകന്‍ ജയരാജ്, നടന്‍ നിഷാന്ത് സാഗര്‍ എന്നിവരും കൈതപ്രം വിശ്വനാഥന് വിട ചൊല്ലാനെത്തി. ജ്യേഷ്ഠ സഹോദരന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ മകനും സംഗീതജ്ഞനുമായ ദീപാങ്കുരന്‍ കൈതപ്രം ചിതക്ക് തീ കൊളുത്തി.അര്‍ബുദത്തെ തുടര്‍ന്ന് കോഴിക്കോട് എം.വി ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു കൈതപ്രം വിശ്വനാഥന്റെ അന്ത്യം. 52 വയസ്സായിരുന്നു. കണ്ണൂര്‍ ജില്ലയിലെ കൈതപ്രമാണ് സ്വദേശമെങ്കിലും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കോഴിക്കോട് തിരുവണ്ണൂരിലാണ് അദ്ദേഹം താമസിക്കുന്നത്.