Sunday, April 28, 2024
indiaNewspolitics

276 കോടി ബി.ജെ.പിക്ക് സംഭാവനയായി കിട്ടി, കോണ്‍ഗ്രസിന് 58 കോടി മാത്രം

ന്യൂഡല്‍ഹി: 2019-20ല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയില്‍ 80 ശതമാനവും ലഭിച്ചത് ബി.ജെ.പിക്ക്. 276.45 കോടിയാണ് ഇക്കാലയളവില്‍ ബി.ജെ.പിക്ക് ലഭിച്ചത്. അതേസമയം, മറ്റൊരു ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസിന് 58 കോടി മാത്രമാണ് ലഭിച്ചത്. പല പ്രാദേശിക പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനെക്കാള്‍ സംഭാവന ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. ഇതുസംബന്ധിച്ച കണക്കുകള്‍ വിവിധ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചിട്ടുണ്ട്.

കോര്‍പ്പറേറ്റ് ഭീമന്മാരായ ഭാരതി എയര്‍ടെല്‍, ഡി.എല്‍.എഫ് എന്നിവയാണ് ബി.ജെ.പിക്ക് സംഭാവന നല്‍കിയവരില്‍ മുമ്പിലുള്ളത്. പ്രൂഡന്റ് ഇലക്ടോറല്‍ ട്രസ്റ്റില്‍ നിന്ന് 217.75 കോടിയും ജനകല്യാണ്‍ ഇലക്ടോറല്‍ ട്രസ്റ്റില്‍ നിന്ന് 45.95 കോടിയും ലഭിച്ചു. എ.ബി ജനറല്‍ ഇലക്ടോറല്‍ ട്രസ്റ്റ് 9 കോടിയും സമാജ് ട്രസ്റ്റ് 3.75 കോടിയും നല്‍കി. കോണ്‍ഗ്രസിന് ലഭിച്ച 58 കോടിയില്‍ 31 കോടി പ്രൂഡന്റ് ഇലക്ടോറല്‍ ട്രസ്റ്റും 25 കോടി ജനകല്യാണ്‍ ഇലക്ടോറല്‍ ട്രസ്റ്റും നല്‍കി. സമാജ് ട്രസ്റ്റില്‍ നിന്ന് രണ്ട് കോടിയാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 2019-20ല്‍ ആകെ ലഭിച്ച വരുമാനം 682 കോടിയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 25 ശതമാനം കുറവാണിത്.

ബി.ജെ.പിക്കും കോണ്‍ഗ്രസിനും കൂടാതെ പ്രൂഡന്റ് ഇലക്ടോറല്‍ ട്രസ്റ്റ്, ആം ആദ്മി പാര്‍ട്ടി (11.26 കോടി), ശിവസേന (2 കോടി), സമാജ്വാദി പാര്‍ട്ടി, ജനനായക് പാര്‍ട്ടി (1 കോടി വീതം), എല്‍.ജെ.പി, ശിരോമണി അകാലിദള്‍ (50 ലക്ഷം വീതം) എന്നിങ്ങനെ നല്‍കി. 35 സംസ്ഥാന പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷന് കണക്ക് കൈമാറിയിട്ടുണ്ട്. തെലുങ്കാന രാഷ്ട്രസമിതി (ടി.ആര്‍.എസ്) 130.46 കോടി, ശിവസേന 111.4 കോടി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 92.7 കോടി, ബി.ജെ.ഡി 9.35 കോടി, അണ്ണാ ഡി.എം.കെ 89.6 കോടി, ഡി.എം.കെ 64.90 കോടി, ആം ആദ്മി പാര്‍ട്ടി 49.65 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.