Sunday, May 12, 2024
keralaNews

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ല;തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണമേര്‍പ്പെടുത്തും.

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ല.ലോക്ഡൗണ്‍ നാളെ അര്‍ധരാത്രി പിന്‍വലിച്ചേക്കും.ജൂണ്‍ 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ച് നിയന്ത്രണമേര്‍പ്പെടുത്തും.തദ്ദേശസ്ഥാപനങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ തുടരാനും ആലോചനയുണ്ട്.
പൊതുഗതാഗതം പുനരാരംഭിക്കുന്നതും മദ്യശാലകള്‍ തുറക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാര്‍ബര്‍ഷോപ്പുകള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും. സമ്പൂര്‍ണമായ തുറന്നുകൊടുക്കല്‍ ഉണ്ടാവില്ലെന്നാണ് വിവരം.ടിപിആര്‍ അനുസരിച്ച് നാലായി മേഖലകളായി തിരിച്ച് ഇളവുകള്‍ നല്‍കാനാണ് സാധ്യത. ടിപിആര്‍ 30 ന് മുകളില്‍, ടിപിആര്‍ 20 നും 30 നും ഇടയില്‍, ടിപിആര്‍ 8 നും 20 നും ഇടയില്‍, ടിപിആര്‍ 8 ല്‍ താഴെ. ഈ രീതിയില്‍ തരം തിരിച്ചാകും നിയന്ത്രണം. ടിപിആര്‍ 30 ന് മുകളിലുള്ളയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ടിപിആര്‍ 20 ന് മുകളില്‍ സമ്പൂര്‍ണ ലോക്ഡൗണായിരിക്കും.

സംസ്ഥാനത്ത് ഇപ്പോഴും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. പല തദ്ദേശ സ്ഥാപനങ്ങളിലും ടി.പി.ആര്‍ നിരക്ക് 35 ശതമാനത്തില്‍ കൂടുതലാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചത്.