Monday, April 29, 2024
indiakeralaNews

15 ദിവസത്തിനിടെ ജമ്മുവില്‍ ആറാമത്തെ ഡ്രോണ്‍

ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറില്‍, ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് 100-150 മീറ്റര്‍ കയറി ഡ്രോണ്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയില്‍ കണ്ട ഡ്രോണ്‍ തിരിച്ചു പോകുന്നതിനു മുന്‍പായി ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തെന്നാണു റിപ്പോര്‍ട്ട്.

ചാരവൃത്തിക്കോ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാനോ വന്നതാണു ഡ്രോണ്‍ എന്നു കരുതുന്നതായി ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണുകള്‍ പാക്കിസ്ഥാന്റെ ‘പുതിയ വാച്ച് ടവറുകള്‍’ ആണെന്നും ധാരാളമായി ഇത് ഉപയോഗിക്കുന്നുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യയ്ക്കുള്ളില്‍ 200 മീറ്റര്‍ ഉയരത്തില്‍ ഡ്രോണ്‍ പറന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘ഡ്രോണ്‍ സാന്നിധ്യം മനസ്സിലാക്കി സൈന്യം വെടിയുതിര്‍ത്തപ്പോള്‍ അതു തിരിച്ചുപോയി. സൈനികര്‍ സദാ ജാഗ്രതയിലാണ്. പ്രദേശത്തു തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല’ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ പ്രദേശത്ത് കാണപ്പെട്ട ആറാമത്തെ ഡ്രോണ്‍ ആണിത്. കഴിഞ്ഞ മാസം ജമ്മു വിമാനത്താവളത്തിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടു വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റിരുന്നു.