Thursday, May 16, 2024
keralaNews

എല്ലാ സര്‍വ്വകലാശാലകളിലും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു. 18 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.വിദ്യാര്‍ത്ഥിനികള്‍ക്ക് അറ്റന്റന്‍സിനുള്ള പരിധി ആര്‍ത്തവാവധി ഉള്‍പ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. സര്‍വ്വകലാശാല നിയമങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതികള്‍ വരുത്താന്‍ സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാല്‍ ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടെങ്കില്‍ പരീക്ഷയെഴുതാമെന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സര്‍വ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് ആശ്വാസമാകും എന്നതിനാലാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.