Saturday, May 11, 2024
keralaNewsObituary

ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരം: ശ്രീ ഗോകുലം മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. എറണാകുളം സ്വദേശിയും മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായി അതിഥി ബെന്നിയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണത്.

തീവ്രപരിചണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.ഹോസ്റ്റലില്‍ താമസിച്ചിരുന്ന അതിഥി രണ്ടുമാസം മുമ്പ് കോളജിന് പുറത്ത് വീട് വാടകക്കെടുത്തിരുന്നു. ഇവിടെ അമ്മയ്ക്ക് ഒപ്പമായിരുന്നു അതിഥിയുടെ താമസം. റിക്കോര്‍ഡ് ബുക്കെടുക്കാന്‍ ശനിയാഴ്ച അമ്മയ്‌ക്കൊപ്പമാണ് ഹോസ്റ്റിലെത്തിയത്.

ഹോസ്റ്റല്‍ കെട്ടിടത്തനകത്തേക്ക് കയറി പോയ അതിഥിയെ നിലത്ത് വീണ് പരിക്കേറ്റ നിലയിലാണ് പിന്നീട് കണ്ടെത്തിയത്. ഉടന്‍ തന്നെ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഏഴ് ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്നാണ് മരണത്തിന് കീഴടങ്ങിയത്. ഇരവിമംഗലം കാരിവേലില്‍ ബെന്നിയുടെ മകളാണ്.

എന്‍ആര്‍ഐ സീറ്റിലാണ് അതിഥി എംബിബിഎസ് പ്രവേശനം നേടിയത്. ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെ 2020 ബാച്ച് എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും അച്ഛന്‍ ബെന്നി വെഞ്ഞാറമൂട് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.