Monday, April 29, 2024
keralaNewspolitics

ഹിന്ദു വിരുദ്ധ പരാമര്‍ശം തിരുവനന്തപുരത്ത് എന്‍എസ്എസ് നാമജപ യാത്ര

തിരുവനന്തപുരം: ഹിന്ദു വിരുദ്ധ പരാമര്‍ശ വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍എസ്എസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നാമജപ യാത്ര നടത്തി. പാളയം ഗണപതി ക്ഷേത്രപരിസരത്ത് നിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു നാമജപ യാത്ര.                                       എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുള്ള 196 കരയോഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രാദേശിക നേതാക്കളും നാമജപ യാത്രയില്‍ പങ്കാളികളായി. പ്രതിഷേധം തുടരുമെന്നും തുടര്‍പരിപാടികള്‍ ജനറല്‍ സെക്രട്ടറി പ്രഖ്യാപിക്കുമെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ പറഞ്ഞു.ഏറെ നാളായി സിപിഎമ്മും സര്‍ക്കാരുമായി നിലനിന്ന അഭിപ്രായവ്യത്യാസത്തിനൊടുവിലാണ് തെരുവിലിറങ്ങിയുള്ള പ്രതിഷേധത്തിലേക്ക് എന്‍എസ്എസ് നീങ്ങിയിരിക്കുന്നത്. ഇതുവരെയുള്ള വിഷയങ്ങളില്‍ എന്‍എസ്എസിന്റെ നിലപാടുകളെ ശക്തമായി തള്ളിപ്പറഞ്ഞിട്ടില്ല സിപിഎമ്മും സര്‍ക്കാരും. എന്നാല്‍ മിത്ത് പരാമര്‍ശത്തില്‍ മാപ്പ് പറയാനില്ലെന്ന് അസന്നിഗ്ധമായി സിപിഎം നിലപാടെടുത്തോടെ, പിന്നോട്ടില്ലെന്ന സന്ദേശം എന്‍എസ്എസും നല്‍കുകയാണ്. പ്രശ്‌നപരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നാണ് സുകുമാരന്‍ നായരുടെ ഒടുവിലത്തെ വാര്‍ത്താക്കുറിപ്പ്. എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.