Tuesday, April 30, 2024
keralaNews

ഹണിട്രാപ്പ്: ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസെടുത്തത്. കൊല്ലം റൂറല്‍ പൊലീസിലെ എസ്‌ഐയുടെ പരാതിയിലാണ് നടപടി. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെയാണ് പരാതി. നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. കൂടുതല്‍ പൊലീസുകാരെ യുവതി കെണിയില്‍ വീഴ്ത്തിയതായി സംശയമുണ്ട്. കേരളാ പൊലീസിനാകെ നാണക്കേട് ഉണ്ടാക്കും വിധമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. കുറച്ചു പൊലീസ് ഉദ്യോഗസ്ഥരെയും അവരുടെ ബന്ധുക്കളെയുമൊക്കെ ഏറെ കാലമായി തിരുവനന്തപുരത്ത് താമസിക്കുന്ന, അഞ്ചല്‍ സ്വദേശിയായ ഒരു സ്ത്രീ ഫോണില്‍ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ശബ്ദരേഖകള്‍ പുറത്തുവന്നിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സ്ത്രീ നിലവിലെ പരാതിക്കാരനായ എസ്‌ഐക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. പിന്നീട് അവര്‍ തന്നെ പരാതി പിന്‍വലിച്ചു. ആ പരാതിയെത്തുടര്‍ന്ന് ശിക്ഷണ നടപടിക്ക് എസ്‌ഐ വിധേയനായിരുന്നു. പുറത്തുവന്ന ശബ്ദരേഖകള്‍ പ്രകാരം ഈ എസ്‌ഐ മാത്രമല്ല വേറെയും നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഇതേ യുവതിയുടെ കെണിയില്‍ പെട്ടിരുന്നു എന്നാണ് വിവരം. ഇക്കാര്യം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ആരും തന്നെ പരാതിയുമായി രംഗത്ത് വരാന്‍ തയ്യാറായിരുന്നില്ല. ഒരാള്‍ പരാതി നല്‍കിയ സാഹചര്യത്തില്‍ ഇനി ഇതില്‍ സമഗ്രമായ അന്വേഷണം നടക്കും