Sunday, May 5, 2024
keralaNews

സ്വകാര്യ- ടൂറിസ്റ്റ് ബസുകളുടെ നികുതി ഒഴിവാക്കി സര്‍ക്കാര്‍

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ നികുതി ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി കാരണമാണ് നടപടി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോറിക്ഷ, ടാക്സി കാറുകളുടെ നികുതിയില്‍ ആശ്വാസം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
വ്യാപാരികള്‍ക്ക് നല്‍കുന്ന പലിശ ഇളവോടെയുള്ള വായ്പ ബസ് ഉടമകള്‍ക്കും ലഭിക്കും. നാലുശതമാനം പലിശ സബ്സിഡിയോടെ രണ്ടുലക്ഷം രൂപയാണ് വായ്പ. പ്രവര്‍ത്തന മൂലധനമായാണ് ഇതു നല്‍കുന്നത്. ഓട്ടോ, ടാക്‌സികളുടെ നികുതി വാര്‍ഷികമായാണ് അടയ്ക്കുന്നത്. ഈ വിഭാഗങ്ങളില്‍ എങ്ങനെ നികുതിയിളവ് നല്‍കാനാവുമെന്നത് ആലോചിക്കുന്നതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.ദുര്‍ഘട ഘട്ടത്തിലൂടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും മോട്ടാര്‍ വാഹന മേഖലയ്ക്ക് വലിയ ബുദ്ധിമുട്ടാണ് കൊവിഡ് ഉണ്ടാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 40000 ഓളം സ്വകാര്യ – ടൂറിസ്റ്റ് ബസുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഇപ്പോഴത് 14,000 ആയി ചുരുങ്ങി. അതില്‍ തന്നെ 12,000 എണ്ണം മാത്രമേ ടാക്സ് നല്‍കി സര്‍വീസ് നടത്തുന്നുള്ളൂ. പതിനായിരത്തോളം ബസുകള്‍ തങ്ങളുടെ സര്‍വീസ് അവസാനിപ്പിക്കാനുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞു. ആ സാഹചര്യം പരിഗണിച്ചാണ് മൂന്ന് മാസത്തെ നികുതി ഒഴിവാക്കിക്കൊടുക്കുന്നത്.