Tuesday, May 21, 2024
keralaNewspolitics

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സുരേഷ് ഗോപിയുടെ പദയാത്രയ്ക്ക് തുടക്കം

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് സുരേഷ് ഗോപിയുടെ പദയാത്രയ്ക്ക് തുടക്കം. പദയാത്ര ഒരു കനല്‍ത്തരി മാത്രമാണെന്നും സമരം കണ്ണൂരിലേക്കും- കണ്ടലയിലേക്കും- മലപ്പുറത്തേക്കും- മാവേലിക്കരയിലേക്കും സമരം വ്യാപിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.                                                                                      യാത്രയില്‍ രാഷ്ട്രീയമില്ലെന്നും തീര്‍ത്തും മനുഷ്യത്വപരമായ സമരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൂരന്മാരുടെ ചതിയില്‍ അകപ്പെട്ട ജനങ്ങളാണ് തനിക്കൊപ്പം നടക്കുന്നത്. അതിനാല്‍ തന്നെ ഇത് സഹകാരികള്‍ക്കുള്ള യാത്രയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി കരുവന്നൂരില്‍ സംഘടിപ്പിക്കുന്ന സഹകാരി സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം മുതലാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പ്രശ്നം തുടരുന്നത്.                                                                                                                               ചില പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലിയെ കാണാന്‍ എത്തിയിരുന്നു. അന്ന് എംപിയായിരുന്ന താന്‍ അന്ന് ഓഫീസില്‍ ഉണ്ടായിരുന്നു. കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നം തുടങ്ങുന്നത് ഇതിനൊക്കെ മുന്‍പാണെന്നും സുരേഷ് ഗോപി പറഞ്ഞു.പദയാത്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയ്ക്കെതിരെയല്ല പദയാത്ര, പാവപ്പെട്ടവന്റെ ചോരയിലും നീരിലുമാണ് സഹകരണ പ്രസ്ഥാനം പടുത്തുയര്‍ത്തിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.                                                                                                                               ഈ അഴിമതി പുറത്തുകൊണ്ടുവന്നത് മാദ്ധ്യമങ്ങളോ ഇഡിയോ ക്രൈംബ്രാഞ്ചോ അല്ല, പാവപ്പെട്ട സിപിഎം അനുഭാവികളായ സഹകാരികളാണ്. ഓരോ കുറ്റവാളിയെയും കണ്ടെത്തിയത് ക്രൈംബ്രാഞ്ചാണ്. എന്നാല്‍ സാധാരണ താഴേത്തട്ടിലുള്ളവരിലേക്ക് മാത്രം കേസ് ഒതുക്കാന്‍ ശ്രമിച്ചപ്പോഴാണ് മറ്റ് ഏജന്‍സികള്‍ ഇടപെട്ടതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സഹകരണ മേഖലയിലെ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നുവെങ്കില്‍ അഞ്ച് ജീവിതങ്ങള്‍ കരുവന്നൂരില്‍ നഷ്ടപ്പെടുമായിരുന്നില്ല.                                                                                                                             എല്ലാ സംസ്ഥാനങ്ങളിലെയും സഹകരണ ബാങ്കുകള്‍ ഒറ്റ സോഫ്റ്റ് വെയറുമായി ബന്ധപ്പെടുത്തണമെന്നായിരുന്നു ആര്‍ബിഐയുടെ നിര്‍ദ്ദേശം. എന്നാല്‍ അതിനെ കേരളം എതിര്‍ത്തു. കരുവന്നൂര്‍ തകര്‍ന്നത് പോലെ കേരള ബാങ്കും തകരും. എ.സി മൊയ്തീന്റെ സ്വത്തുക്കള്‍ ഉള്‍പ്പെടെ കണ്ടുകെട്ടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.