Friday, May 17, 2024
keralaNews

സ്രവ സാംപിള്‍ പരിശോധനയില്‍ സ്ഥിരീകരണം: അഭിരാമിയ്ക്കു പേവിഷബാധ.

പത്തനംതിട്ട റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റുമരിച്ച അഭിരാമിയ്ക്കു പേവിഷബാധ. പുണെയിലെ സ്രവ സാംപിള്‍ പരിശോധനയിലാണ് സ്ഥിരീകരണം.കോട്ടയം മെഡി. കോളജില്‍ ചികില്‍സയിലായിരുന്ന അഭിരാമി ഇന്നാണ് മരിച്ചത്.മൂന്ന് കുത്തിവെപ്പ് എടുത്തിട്ടും ഗുരുതരാവസ്ഥയിലായിരുന്നു അഭിരാമി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലച്ചോറിലേക്ക് വൈറസ് പടര്‍ന്നതാണ് മരണ കാരണം. പത്തനംതിട്ട മൈലപ്ര സ്വദേശിനിയായ അഭിരാമിയെ ശനിയാഴ്ചയാണ് കോട്ടയം ഐസിഎച്ചില്‍ പ്രവേശിപ്പിച്ചത്. പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച പെണ്‍കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയത്.വൈറസ് ബാധ തലച്ചോറിലേക്കും വ്യാപിച്ചതോടെ ഉച്ചയ്ക്ക് 1:45 ന് മരിച്ചു.എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഐസിഎച്ച് സൂപ്രണ്ട് ഡോ.ജയപ്രകാശ് പറഞ്ഞു. അഭിരാമിയുടെ കണ്ണിന് താഴെയേറ്റ ആഴത്തിലുള്ള മുറിവായിരിക്കാം ആരോഗ്യനില വഷളാകാന്‍ കാരണമെന്നുമാണ് വിശദീകരണം . അഭിരാമിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണെന്നും കുടുംബരോഗ്യ കേന്ദ്രങ്ങളില്‍ പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.