Wednesday, May 15, 2024
keralaNews

രണ്ടര ലക്ഷം കോടി കവിഞ്ഞ് കേരളത്തിന്റെ പൊതുകടം.

സംസ്ഥാനം ഗുരുതര കടബാദ്ധ്യതയിലെന്ന് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും 14.5 ശതമാനം കടമാണ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ നിയോഗിച്ച പബ്ലിക്ക് എക്സ്പെന്‍ഡിചര്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ധനമന്ത്രി ടി.എം തോമസ് ഐസക്കിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു.സംസ്ഥാനത്തെ പൊതു കടം രണ്ടര ലക്ഷം കോടി കവിഞ്ഞിരിക്കുകയാണ്. ജനങ്ങളുടെ നിക്ഷേപം കൈകാര്യം ചെയ്യുന്ന പബ്ലിക്ക് അക്കൗണ്ടില്‍ 77,397 കോടി രൂപ കടമാണ് സര്‍ക്കാരിനുള്ളത്. റവന്യൂ ചെലവിന്റെ 60.88 ശതമാനം തുകയും പലിശയും പെന്‍ഷനും ശമ്പളവും നല്‍കാന്‍ ചെലവഴിക്കുകയാണിപ്പോള്‍. ഇതു കാരണമാണ് വികസന പദ്ധതികള്‍ പലതും നടപ്പാക്കാന്‍ കഴിയാത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ 7 വര്‍ഷത്തെ കണക്കനുസരിച്ച് റവന്യു ചെലവില്‍ 13.34 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ റവന്യു വരുമാനം 10 ശതമാനം മാത്രമാണ് വളര്‍ന്നത്. ഓരോ വര്‍ഷവും ശമ്പളച്ചെലവ് 10 ശതമാനം വീതം വര്‍ധിക്കുകയാണ്. പലിശച്ചെലവ് 15 ശതമാനവും പെന്‍ഷന്‍ ചെലവ് 12 ശതമാനവും കൂടുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളില്‍ കുറവു വരുത്തിയാലേ കടം നിയന്ത്രിക്കാന്‍ കഴിയൂ എന്നാണ് നിഗമനം. ആകെ കടമെടുപ്പു പരിധി ജിഡിപിയുടെ 3 ശതമാനത്തിനുള്ളില്‍ നിര്‍ത്തുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.