Thursday, May 9, 2024
Local NewsNews

സ്‌ഫോടന ശബ്ദം ; ചേനപ്പാടിയില്‍ ജിയോളജി വകുപ്പ് വിവരശേഖരണം നടത്തി

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിലെ 2, 3 വാര്‍ഡുകളായ ചേനപ്പാടി – കിഴക്കേക്കര ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സ്‌ഫോടന ശബ്ദവുമായി ബന്ധപ്പെട്ട ജിയോളജി വകുപ്പ് സ്ഥലത്തെത്തി വിവരശേഖരണം നടത്തി.              തിരുവനന്തപുരം ഭൗമ ശാസ്ത്ര പഠനകേന്ദ്രം സയന്റിസ്റ്റ് ഡോ. പത്മ റാവു, സാങ്കേതിക വിഭാഗം പ്രതിനിധി എല്‍ദോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഭാഗങ്ങളില്‍ എത്തിയത് . ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി കെ തുളസി, ഹര്‍ഷന്‍ എന്നിവരും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. സ്‌ഫോടന ശബ്ദം കേട്ട കിഴക്കേക്കര ലക്ഷംവീട് കോളനി ഭാഗവും, ചേനപ്പാടി ആലുംചുട് ഭാഗവുമാണ് സംഘം സന്ദര്‍ശിച്ചത്. നാട്ടുകാരില്‍ നിന്നും ഇത് സംബന്ധിച്ച് വിവരങ്ങളും ചോദിച്ചറിഞ്ഞു . സ്‌ഫോടന ശബ്ദം ഉണ്ടായ സമയത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ശബ്ദവും സംഘം ശേഖരിച്ചു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും ഇവര്‍ പറഞ്ഞു. വിവരശേഖരണം നടത്തിയ റിപ്പോര്‍ട്ട് കളക്ടര്‍ക്കും, ജിയോളജി വകുപ്പിനും നല്‍കും . തുടര്‍ന്ന് വിശദമായ പഠനങ്ങള്‍ക്ക് ശേഷമേ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയുകയെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ വിവിധ ദിവസങ്ങളിളാണ് സ്‌ഫോടന ശബ്ദം ഉണ്ടായത്. ഭൂമികുലുക്കം എന്ന ചര്‍ച്ചയും ഉണ്ടായി. ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്‌ഫോടനം ശബ്ദം ജനങ്ങളെ പരിഭ്രാന്തി പരത്തിയതോടെയാണ് ജിയോളജി വകുപ്പ് പരിശോധനയ്ക്ക് എത്തിയത് . കിണറ്റിലെ വെള്ളം ഓളം തട്ടുകയും , പല ദിവസങ്ങളിലും പുലര്‍ച്ചയുമാണ് ശബ്ദം ഉണ്ടായത്.