Sunday, May 5, 2024
keralaNews

സ്ത്രീധന ഗാര്‍ഹിക പീഡനം ഏറ്റവുമധികം കൊല്ലം ജില്ലയില്‍

സ്ത്രീധന പ്രശ്‌നങ്ങളുമായി ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് കൊല്ലം ജില്ലയില്‍ നിന്നെന്ന് വനിതാ കമ്മീഷന്‍. വിവാഹത്തിന് പിന്നാലെ തന്നെ ഗാര്‍ഹിക പീഡനം നേരിടുന്നതായി പരാതിപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടെന്നാണ് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി വിശദമാക്കുന്നത്. വനിതാ കമ്മീഷനിലെത്തുന്ന പരാതികളുടെ സ്വഭാവത്തേക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വയോജനങ്ങളുടെ സംരക്ഷണത്തേക്കുറിച്ചും കമ്മീഷന് പരാതി ലഭിക്കുന്നുണ്ട്.

വൃദ്ധരായ മാതാപിതാക്കള്‍ക്ക് മക്കള് സംരക്ഷണം നല്‍കുന്നില്ലെന്നതാണ് വയോജനങ്ങള്‍ നല്‍കുന്ന പ്രധാനപരാതി. 85 വയസ്സായ മാതാവിനെ അഞ്ച് മക്കളും സംരക്ഷിക്കുന്നില്ലെന്ന പരാതി പരിഗണിക്കുമ്പോഴാണ് കമ്മീഷന്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന് വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും നിര്‍ദേശിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിവാഹ പൂര്‍വ്വ കൌണ്‍സിലിംഗ് വധുവരന്മാര്‍ക്ക് നല്കുന്നത് ഗാര്‍ഹിക പീഡനം കുറയ്ക്കുന്നതില്‍ പങ്കുവഹിക്കുമെന്നാണ് കമ്മീഷന്‍ നിരീക്ഷിക്കുന്നത്. ഇത്തരം കൌണ്‍സിലിംഗ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുമെന്നും വനിതാ കമ്മീഷന്‍ പറയുന്നു. ഇന്നലെ നടന്ന അദാലത്തില്‍ 100 പരാതികളാണ് പരിഗണിച്ചത്. 22 പരാതികള്‍ തീര്‍പ്പാക്കി.