Saturday, May 18, 2024
keralaNews

വിസ്മയയുടെ മരണം; അന്വേഷണ സംഘത്തിന് പുതിയൊരു തെളിവ്

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ വിസ്മയയുടേത് കൊലപാതകമാണെന്ന സംശയവുമായി അന്വേഷണ സംഘം. 140 സെന്റീമീറ്റര്‍ നീളമുള്ള ടര്‍ക്കി ടവല്‍ ഉപയോഗിച്ചാണ് വിസ്മയ ആത്മഹത്യ ചെയ്തുവെന്നാണ് കിരണ്‍ കുമാറിന്റേയും ബന്ധുക്കളുടേയും മൊഴി. ഈ മൊഴി കിരണ്‍ കുമാറിനൊപ്പം ബന്ധുക്കളേയും കേസില്‍ പ്രതിയാക്കും. കിരണിന്റെ അച്ഛനും അമ്മയും കേസില്‍ പ്രതിയാകാനാണ് സാധ്യത.തറനിരപ്പില്‍ നിന്ന് 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍കമ്പിയില്‍ 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ തൂങ്ങി മരിക്കുക എന്നതു തന്നെ അസാധ്യമാണ്. ഇനി 140 സെന്റീമീറ്റര്‍ നീളമുള്ള ടവല്‍ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയാലും ഒരിക്കലും മരണം സാധ്യമല്ല. കെട്ടി തൂങ്ങുമ്പോള്‍ ടവലുകള്‍ അയയും. ജനല്‍ കമ്പിയില്‍ ടവല്‍ കെട്ടുമ്പോള്‍ പിന്നേയും തറനിരപ്പുമായുള്ള അകലം കൂടും. മരണ വെപ്രാളത്തില്‍ കാലുകള്‍ തുങ്ങും. ഈ സമയം 19 സെന്റിമീറ്റര്‍ ഗ്യാപ്പ് മാത്രമേ ഉള്ളൂവെങ്കില്‍ മരണം അസാധ്യമാകും.

തന്നെക്കാള്‍ 19 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ജനല്‍ കമ്പിയില്‍ ഒരാള്‍ക്ക് തുങ്ങി മരിക്കുക അസാധ്യമാണ് എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇതുവരെ ലഭിച്ച മൊഴികള്‍ അനുസരിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ വിസ്മയയെ കണ്ടതു കിരണ്‍ മാത്രമാണ്. ഇതും ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. കിരണിനെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്തു കൊലപാതക സാധ്യത കണ്ടെത്തുന്നതിനും തെളിവു ശേഖരണത്തിനും പൊലീസ് ശ്രമിക്കും. വിസ്മയ നേരത്തെ മാനസികമായ പീഡനത്തിന് ഇരയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ഇക്കാര്യത്തില്‍ ആശ്വാസം ലഭിക്കാന്‍ വിസ്മയ എറണാകുളത്തെ കൗണ്‍സലിങ് വിദഗ്ധന്റെ സഹായം തേടിയിരുന്നു. ഫോണിലൂടെ സഹായം അഭ്യര്‍ഥിച്ച വിസ്മയക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി കൗണ്‍സലിങ് നല്‍കിയിരുന്നുവെന്നും കണ്ടെത്തി.അടുത്ത സുഹൃത്തുക്കളോടും വിസ്മയ ഭര്‍തൃവീട്ടിലെ സാഹചര്യം വിശദീകരിച്ചിരുന്നു. ബന്ധുക്കള്‍, സഹപാഠികള്‍ എന്നിവരുടെ മൊഴി പോലീസ് എടുത്തു.

വിസ്മയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ടും ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതേ സമയം ആന്തരികാവയങ്ങളായ കരള്‍ , വൃക്ക , ആമാശയം , രക്തം എന്നിവയുടെ ചീഫ് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി റിപ്പോര്‍ട്ട് കൂടി ലദ്യമായാലേ വിഷം ഉള്ളില്‍ ചെന്നാണോ മരണം , മരണത്തിന് ശേഷം ടൗവ്വല്‍ ടര്‍ക്കിയില്‍ കെട്ടി തൂക്കിയതാണോയെന്ന കാര്യങ്ങളില്‍ വ്യക്തത വരുകയുള്ളു. കെമിക്കല്‍ ഫലത്തിനായി കാക്കുകയാണ് പൊലീസ്.

വിസ്മയയുടെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിലുമാണ് മൃതദേഹം കാണപ്പെട്ടത്. ഇതും ദുരൂഹമാണ്. നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 ബി (സ്ത്രീധന പീഡന മരണം) , 498 എ (കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള ശാരീരിക , മാനസിക പീഡനം) എന്നീ കുറ്റങ്ങളാണ് എഫ് ഐആറില്‍ ചുമത്തിയിട്ടുള്ളത്. ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ ശാസ്താംകോട്ട ഡിവൈ.എസ്പി. രാജ്കുമാറിന്റെ നേതൃത്വത്തില്‍ പത്തംഗ ഉദ്യോഗസ്ഥ സംഘമാണ് അന്വേഷിക്കുന്നത്.