Friday, April 26, 2024
keralaNewspolitics

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എണ്‍പതാം പിറന്നാളാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വിജയന്‍ പിണറായി.ആശംസ അറിയിക്കാന്‍ മുഖ്യമന്ത്രി കൊച്ചിയിലെത്തി. ചികിത്സാര്‍ത്ഥം ആലുവയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച പിണറായി കുറച്ച് നേരം സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ട ശേഷമാണ് മടങ്ങിയത്. ഉമ്മന്‍ ചാണ്ടിയെ ഷാളണിയിച്ചാണ് ആശംസ അറിയിച്ചത്.   മറ്റ് പ്രത്യേക ചടങ്ങുകളൊന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. രാവിലെ ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിറന്നാളാശംസ നേര്‍ന്നിരുന്നു. ചികിത്സയ്ക്ക് ജര്‍മനിക് പോകുന്നത് നല്ലതാണെന്ന് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തോട് മുഖ്യമന്ത്രി പറഞ്ഞു. എത്രയും വേഗം ചികിത്സക്കായി പോകണം എന്നും പൂര്‍ണ ആരോഗ്യവനായി തിരിച്ചെത്തിയിട്ട് വീണ്ടും കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞതായി മകന്‍ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ജനകീയ നേതാവിന്റെ എണ്‍പതാം പിറന്നാളും ഇത്തവണയും പതിവുപോലെ തന്നെ സാധാരണ നിലയിലുള്ളതായിരുന്നു. പിറന്നാള്‍ ദിനത്തില്‍ പുതുപ്പള്ളിയിലെ വീട്ടിലുണ്ടാകാറുള്ള ഉമ്മന്‍ചാണ്ടി ഇത്തവണ കുടുംബത്തിനൊപ്പം ആലുവ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണെന്നു മാത്രം. ചികിത്സാര്‍ത്ഥമായുള്ള സൗകര്യത്തിനാണ് ആലുവയില്‍ തങ്ങുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തില്‍ മധുരം പങ്കുവച്ച് ലളിതമായാണ് പിറന്നാള്‍ ആഘോഷിച്ചത്. തന്റെ ആരോഗ്യസ്ഥിതിയുമായി ഉയര്‍ന്ന വിവാദത്തില്‍ ഉമ്മന്‍ ചാണ്ടി വിശദീകരണവും നടത്തി. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. വിദഗ്ധ ചികിത്സയ്ക്കായി അടുത്തായാഴ്ച കുടുംബത്തിനൊപ്പം ഉമ്മന്‍ചാണ്ടി ജര്‍മനിയിലേക്ക് പോകും.