Friday, May 17, 2024
educationkeralaNewsObituaryworld

സ്‌കൂള്‍ ബസില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടയ്ക്കാന്‍ ഉത്തരവ്

ഖത്തര്‍: ഖത്തറില്‍ സ്‌കൂള്‍ ബസ്സിനുള്ളില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടയ്ക്കാന്‍ ഉത്തരവ്. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡന്‍ ആണ് വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത് . വീഴ്ചവരുത്തിയ സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് വീഴ്ച ഉണ്ടായതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നാല് വയസുകാരി മിന്‍സ മറിയം ജേക്കബിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. അല്‍ വക്രയിലെ മോര്‍ച്ചറിക്ക് മുന്നില്‍ നൂറ് കണക്കിനാളുകളാണ് മിന്‍സയ്ക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. നാലാം പിറന്നാള്‍ ദിനത്തിലാണ് മിന്‍സയെന്ന നാലു വയസുകാരിക്ക് സ്‌കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയില്‍ സ്‌കൂള്‍ ബസില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചത്.രാവിലെ സ്‌കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളില്‍ കുടുങ്ങിയ കുട്ടി കനത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം. രണ്ട് ദിവസം നീണ്ട വിശദമായ ഫോറന്‍സിക് മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമാണ് മിന്‍സയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയത്. അല്‍ വക്രയിലെ എമര്‍ജന്‍സി ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ മിന്‍സയെ അവസാനമായി കാണാന്‍ വന്‍ ജനാവലി എത്തി. ദോഹയില്‍ നിന്ന് പുലര്‍ച്ചെ ഒന്നരക്കുള്ള വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. എട്ടരയോടെ നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹം തുടര്‍ന്ന് സ്വദേശമായ കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ട് പോകും. മിന്‍സയുടെ മരണത്തില്‍ ആഭ്യന്തര വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്.