Friday, May 3, 2024
keralaLocal NewsNews

പക്ഷിപ്പനി; അമ്പലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു

അമ്പലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പുറക്കാട്ട് ആയിരക്കണക്കിന് താറാവുകളാണ് ചത്തത്. പക്ഷിപ്പനിയാണ് താറാവുകള്‍ കൂട്ടത്തോടെ ചാകാന്‍ കാരണമെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ആലപ്പുഴ പുറക്കാട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഇല്ലിച്ചിറ അറുപതില്‍ച്ചിറ ജോസഫ് ചെറിയാന്‍ എന്ന കര്‍ഷകന്റെ 70 ദിവസം പ്രായമായ നാലായിരത്തോളം താറാവുകളാണ് ചത്തത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വളര്‍ത്തിയിരുന്ന താറാവുകള്‍ ചത്തതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. സമീപത്തെ മറ്റ് കര്‍ഷകരുടെയും അവസ്ഥ സമാനമാണ്.

സംഭവമറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ എത്തി പ്രതിരോധ മരുന്ന് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മുന്‍പ് പക്ഷിപ്പനി മൂലം താറാവുകള്‍ ചത്തതിന് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് ഇത്തവണയും കാണുന്നതെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ നിരവധി താറാവുകള്‍ക്ക് നിലവില്‍ രോഗലക്ഷണങ്ങളുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. പക്ഷിപ്പനി ആണോ എന്ന് സ്ഥിരീകരിക്കാന്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹൗയ് സെക്യൂരിട്ടി ആനിമല്‍ ഡിസീസിലേക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംമ്പറില്‍ ആലപ്പുഴയില്‍ പക്ഷി പനിയെ തുടര്‍ന്ന് നിരവധി താറാവുകള്‍ ചത്തൊടുങ്ങിയിരുന്നു.