Saturday, May 4, 2024
indiaNewspolitics

സോണിയ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസില്‍

ദില്ലി :നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലേക്ക്. മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് തിരിച്ചത്. അല്‍പസമയത്തിനകം ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരാകും.ഇഡി ചോദ്യം ചെയ്യലിനെതിരെ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു നേരത്തെ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് ദില്ലി പൊലീസ് അനുമതി നല്‍കി.

ഇഡിക്കെതിരെ സംസ്ഥാനത്ത് പലയിടത്തും കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ട്രെയിനുകള്‍ തടഞ്ഞ് പ്രതിഷേധിക്കുകയാണ്. കോട്ടയത്തും കണ്ണൂരും കാസര്‍കോടും തിരുവല്ലയിലും തൃശൂരിലും ട്രെയിന്‍ തടഞ്ഞു. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ എക്‌സ്പ്രസിന് തടഞ്ഞാണ് പ്രതിഷേധിക്കുന്നത്. പൊലീസെത്തി പ്രതിഷേധിച്ചവരെ നീക്കി. കണ്ണൂരില്‍ പ്രവര്‍ത്തകര്‍ പാളത്തില്‍ ഇറങ്ങി ഇന്റര്‍ സിറ്റി എക്‌സ്പ്രസ് അഞ്ച് മിനിറ്റോളം തടഞ്ഞിട്ടു. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരത്തേക്ക് പോകുന്ന ജനശതാബ്ദി തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.