Tuesday, May 14, 2024
keralaNews

വൈഗ വധക്കേസില്‍ പ്രതി സനു മോഹനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

കൊച്ചിയില്‍ പതിമൂന്നുകാരിയായ മകള്‍ വൈഗയെ പിതാവ് സനുമോഹന്‍ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മകളെ കൊലപ്പെടുത്തിയശേഷം മറ്റെവിടെയെങ്കിലും പോയി ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നാണ് അന്തിമ റിപ്പോര്‍ട്ടിലുളളത്.മൂന്നുമാസം മുമ്പ് കേരള മനഃസാക്ഷിയെ നടുക്കിയ സംഭവത്തിലാണ് പൊലീസിന്റെ കുറ്റപത്രം. കൊച്ചിയിലെ ഫ്‌ലാറ്റില്‍വെച്ച് മുഖം തുണികൊണ്ട് മൂടിയശേഷം ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാണ് പിതാവിനെതിരായ കുറ്റം. മരിച്ചെന്ന് കരുതി പിതാവ് തന്നെ കുട്ടിയെ പെരിയാറില്‍ എറിഞ്ഞു. എന്നാല്‍ വെളളത്തില്‍ വീണ ശേഷമാണ് വൈഗ മരിച്ചതെന്നും ഫൊറന്‍സിക് പരിശോധനയിലൂടെ പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് മുമ്പ് മദ്യം നല്‍കി മകളെ ബോധം കെടുത്താനും പിതാവ് ശ്രമിച്ചിരുന്നു.

വലിയ കടബാധ്യതയുണ്ടായിരുന്ന സനു മോഹന്‍ അതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുളളത്. മകള്‍ ജീവിച്ചിരുന്നാല്‍ ബാധ്യതയാകുമെന്നും സനുമോഹന്‍ കരുതി. വൈഗയെ ഒഴിവാക്കിയശേഷം മറ്റെവിടെയെങ്കിലും ജീവിക്കാനായിരുന്നു ശ്രമം. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവയ്ക്കല്‍, ലഹരിക്കടിമയാക്കല്‍, ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുളള കുറ്റങ്ങള്‍ എന്നിവയും സനുമോഹനെതിരെ ചുമത്തിയിട്ടുണ്ട്. 236 പേജുളള കുറ്റപത്രത്തിനൊപ്പം 1200 പേജുളള കേസ് ഡയറിയും കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സനു മോഹന്റെ ഭാര്യയടക്കം 97 സാക്ഷികളുമുണ്ട് കേസില്‍.