Tuesday, April 30, 2024
indiaNews

സൈന്യം തന്റെ കുടുംബവും ഇന്ത്യയുടെ രക്ഷാകവചവും: പ്രധാനമന്ത്രി.

ശ്രീനഗര്‍: സൈന്യം തന്റെ കുടുംബവും ഇന്ത്യയുടെ രക്ഷാകവചവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരില്‍നിന്ന് പ്രത്യാശയും ഊര്‍ജവും ലഭിക്കുന്നു. രാജ്യം സൈനികരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനായി ജമ്മുവിലെ നൗഷേരയിലെത്തിയതായിരുന്നു അദ്ദേഹം.പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി, ഭീകരതയ്ക്ക് ചുട്ട മറുപടി നല്‍കുന്നുണ്ടെന്ന് പറഞ്ഞു. മിന്നലാക്രമണത്തിനുശേഷം കശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധമേഖലയെ കൂടുതല്‍ സ്വദേശിവല്‍ക്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൈനികശേഷി വര്‍ധിപ്പിക്കണമെന്നും കാലത്തിനൊപ്പം നവീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രജൗറിയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്കു സമീപം നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ക്കൊപ്പമാണ് ഇത്തവണ പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. ഇത് രണ്ടാം തവണയാണ് മോദി ജില്ലയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. 2019ലാണ് ഇതിനുമുന്‍പ് സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനായി നൗഷേര സെക്ടര്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറല്‍ എം.എം.നരവനെ ഇന്നലെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതല്‍ മോദി സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്.