Wednesday, May 1, 2024
keralaNews

സുഗന്ധഗിരി മരംമുറി; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

സുഗന്ധഗിരി മരംമുറിക്കേസില്‍ ഡി.എഫ്.ഒ ഷജ്‌ന കരീമിനെ സസ്‌പെന്‍ഡ് ചെയ്ത് വനംവകുപ്പ്. ഡി.എഫ്.ഒയ്ക്ക് പുറമെ റേഞ്ച് ഓഫിസര്‍ എം.സജീവന്‍, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ബീരാന്‍കുട്ടി എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതോടെ കേസില്‍ സസ്‌പെന്‍ഷനിലായ വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു. വകുപ്പുതല അന്വേഷണത്തില്‍ 18 ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകുമെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി അന്വേഷണവിധേയമായി നടപടി സ്വീകരിച്ചത്. വീടുകള്‍ക്ക് ഭീഷണിയായ 20 മരം മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ നൂറിലേറെ മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. മണ്ണിട്ടു മൂടിയതും കത്തിച്ചതുമായ കൂടുതല്‍ മരക്കുറ്റികള്‍ ഓരോ ദിവസവും കണ്ടെത്തുകയായിരുന്നു. മുപ്പതോളം ജീവനക്കാര്‍ 24 മണിക്കൂറും നിരീക്ഷണം നടത്തുന്ന പ്രദേശത്താണ് വനംകൊള്ള നടന്നത്. 4 പേര്‍ കൈകോര്‍ത്താല്‍ വരെ ചുറ്റെത്താത്ത വണ്ണമുള്ള മരങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.