Tuesday, April 30, 2024
educationindiaNews

സിവില്‍ സര്‍വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്.    സിദ്ധാര്‍ഥ് രാംകുമാറിന്റെ നാലാമത്തെ സിവില്‍ സര്‍വീസ് നേട്ടമാണിത്. 2022 ല്‍ 121 ാം റാങ്കാണ് സിദ്ധാര്‍ഥ് നേടിയത്. നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്.  മലയാളികളായ വിഷ്ണു ശശികുമാര്‍ 31ാം റാങ്കും അര്‍ച്ചന പിപി 40ാം റാങ്കും രമ്യ ആര്‍ 45ാം റാങ്കും നേടിയിട്ടുണ്ട്. കസ്തൂരിഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോര്‍ജ് (93), ജി ഹരിശങ്കര്‍ (107), ഫെബിന്‍ ജോസ് തോമസ് (133) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. 1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിന്‍ പരീക്ഷ നടന്നു. മെയിന്‍സ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.

കൊച്ചി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയ മലയാളി സിദ്ധാര്‍ത്ഥിന്റെ പരിശ്രമം ലക്ഷ്യത്തിലെത്തിയത് അഞ്ചാമത്തെ ശ്രമത്തില്‍. മൂന്ന് വട്ടം സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ച സിദ്ധാര്‍ത്ഥ് കഴിഞ്ഞ തവണ 121ാം റാങ്ക് നേടിയിരുന്നു. ഐപിഎസാണ് സിദ്ധാര്‍ത്ഥിന് ലഭിച്ചത്. എന്നാല്‍ ഇനിയും മുന്നിലെത്തണമെന്ന സിദ്ധാര്‍ത്ഥിന്റെ ആഗ്രഹവും അതിനായുള്ള കഠിനാധ്വാനവും ഇക്കുറി രാജ്യത്ത് നാലാം റാങ്കെന്ന അഭിമാനകരമായ നേട്ടത്തിലേക്ക് ഇദ്ദേഹത്തെ എത്തിച്ചു.എറണാകുളം സ്വദേശിയായ സിദ്ധാര്‍ത്ഥ് തിരുവനന്തപുരം ഫോര്‍ച്യൂണ്‍ അക്കാദമിയിലാണ് പരിശീലനം നടത്തിയത്. ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ രാംകുമാറാണ് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്. ഹൈദരാബാദില്‍ പരിശീലനത്തിലിരിക്കെയാണ് സിദ്ധാര്‍ത്ഥിനെ തേടി സിവില്‍ സര്‍വീസ് പരീക്ഷയിലെ നാലാം റാങ്കെത്തുന്നത്. ഇനി ഐഎഎസോ, ഐഎഫ്എസോ, ഐപിഎസോ ഏത് വേണമെന്ന് തീരുമാനിക്കാനും താത്പര്യമുണ്ടെങ്കില്‍ കേരളത്തില്‍ തന്നെ ജോലി ചെയ്യാനും സിദ്ധാര്‍ത്ഥിന് സാധിക്കും.അതേസമയം പട്ടികയില്‍ 31ാം റാങ്ക് നേടിയ മലയാളി വിഷ്ണു ശശികുമാറിനും ഐഎഎസ് തിരഞ്ഞെടുക്കാന്‍ സാധിക്കും. 282ാം റാങ്ക് നേടിയ പാര്‍വതി ഗോപകുമാറിനും ഐഎഎസ് നേടാന്‍ സാധ്യതയുണ്ട്.