Sunday, May 19, 2024
keralaNewspolitics

സില്‍വര്‍ ലൈനില്‍ ചര്‍ച്ച; ചര്‍ച്ചയില്‍ കെ റെയില്‍ പ്രതിനിധികളും

തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. കെ റെയില്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും എന്നാണ് സൂചന. ശ്രീധരന്റെ നിര്‍ദേശത്തില്‍ കെ റെയില്‍ കോര്‍പറേഷന്റെ അഭിപ്രായം കൂടി തേടും. ഡിപിഐര്‍ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്. ബിജെപി പിന്തുണച്ചതോടെ കേന്ദ്രാനുമതി കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷ. കേന്ദ്രം ചുവപ്പ് സിഗ്‌നല്‍ കാണിച്ചതോടെ വിസ്മൃതിയിലായ കെ റെയില്‍ പുതുക്കിയ പാളത്തിലൂടെ ഓടിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ദില്ലിയിലെ കേരളത്തിന്റെ സ്‌പെഷല്‍ ഓഫീസര്‍ പദവി വഹിക്കുന്ന പ്രൊഫ. കെ വി തോമസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് മെട്രോമാന്‍ ഇ ശ്രീധരന്‍ ബദല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.  നിലവിലെ കെ റെയില്‍ പദ്ധതി അപ്രായോഗികമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിപിആര്‍ തന്നെ മാറ്റണമെന്നും ഇ ശ്രീധരന്‍ പറയുന്നു. തുരങ്കപാതയും എലിവേറ്റഡ് പാതയുമാണ് മറ്റൊരു ബദല്‍. ഇത് വഴി ചെലവ് വന്‍തോതില്‍ കുറയും, ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ട. അതേസമയം വേഗത കൂട്ടാന്‍ സ്റ്റാന്‍ഡേഡ് ഗേജ് ആക്കി തന്നെ നിലനിര്‍ത്തണമെന്നും ഇ ശ്രീധരന്‍ നിര്‍ദ്ദേശിച്ചു. ഇ ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പ്രൊഫ കെവി തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പദ്ധതി രേഖയില്‍ മാറ്റം വരുത്തിയാല്‍ പരിശോധിക്കാമെന്ന് നേരത്തെ റെയില്‍വെ മന്ത്രിയും പറഞ്ഞിരുന്നു. കെ റെയില്‍ എന്തായാലും വരുമെന്ന് എല്ലായ്‌പ്പോഴും ആവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ മെട്രോമാന്റെ ശുപാര്‍ശ പ്രകാരം പദ്ധതിരേഖ പൊളിച്ചു പണിയുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇ ശ്രീധരന്റെ കേന്ദ്രത്തിലെ സ്വാധീനം അടക്കം ഉപയോഗിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.