Saturday, May 11, 2024
keralaNewspolitics

സില്‍വര്‍ലൈന്‍  കേരളത്തിന്റെ മാത്രം പദ്ധതിയല്ല, റെയില്‍വേ മന്ത്രാലയവും പങ്കാളി ;മുഖ്യമന്ത്രി

തിരുവനന്തപുരം വരും തലമുറയെ കണ്ടുകൊണ്ടുള്ള വികസനമാണ് വേണ്ടതെന്ന് തലസ്ഥാനത്തെ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന്റെ മാത്രം പദ്ധതിയല്ലെന്നും റെയില്‍വേ മന്ത്രാലയവും പദ്ധതിയില്‍ പങ്കാളിയാണെന്നും മുഖ്യമന്ത്രി. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് പുത്തരിക്കണ്ടം മൈതാനിയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭാവി തലമുറയെ മുന്നില്‍ കണ്ടുള്ള വികസനമാണ് വേണ്ടത്. ഭൂരിപക്ഷം ജനങ്ങളും വികസനത്തില്‍നിന്ന് പുറത്തു പോകുന്ന വികസന പദ്ധതിയല്ല എല്‍ഡിഎഫ് ആഗ്രഹിക്കുന്നത്. എല്ലാ പ്രദേശങ്ങളെയും സ്പര്‍ശിക്കുന്നതും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായിരിക്കണം വികസനം. നാടിന്റെ വികസനത്തില്‍ എല്ലാ മേഖലയും വികസിക്കണം. പശ്ചാത്തല സൗകര്യമേഖല വികസിക്കുന്നത് ഇതില്‍ പ്രധാനപ്പെട്ടതാണ്. സില്‍വര്‍ലൈന്‍ വരുമ്പോള്‍ പരിസ്ഥിതിക്കു കോട്ടമല്ല നേട്ടമാണ് വരുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി യാഥാര്‍ഥ്യമായാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയും. പ്രകൃതിക്കെതിരായ വികസനം എല്‍ഡിഎഫിന്റെ അജണ്ടയല്ല. കെ റെയില്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്നും പാത വന്നാല്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. സാമൂഹിക ആഘാത, പരിസ്ഥിതി പഠനത്തിലൂടെ പരമാവധി ആഘാതം ഒഴിവാക്കിയും അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കിയും മാത്രമേ പദ്ധതി നടപ്പിലാക്കൂ. ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല എല്‍ഡിഎഫ് നടത്തുക.

അതിവേഗ റെയില്‍പാത നാടിന് അത്ര ഗുണം ചെയ്യില്ലെന്നതും വലിയ ചെലവുമാണ് അര്‍ധ അതിവേഗപാത തിരഞ്ഞെടുക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ പുതിയ റെയില്‍പാതയെക്കുറിച്ച് ചിന്തിക്കണമെന്ന് ഇന്ത്യന്‍ റെയില്‍വേയാണ് നിര്‍ദേശിച്ചത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ കൂടി പങ്കാളിയായ സംരംഭത്തെ എതിര്‍ക്കാനാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നത്.