Tuesday, April 30, 2024
keralaNews

യുട്യൂബര്‍ സൂരജ് പാലക്കാരന്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കീഴടങ്ങി.

കൊച്ചി: ക്രൈം നന്ദകുമാറിനെതിരേ പരാതി നല്‍കിയ യുവതിയെ അപമാനിച്ച കേസില്‍ യുട്യൂബര്‍ സൂരജ് പാലക്കാരന്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ കീഴടങ്ങി. യുവതിയെ അധിക്ഷേപിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.ക്രൈം വാരികയുടെ എഡിറ്റര്‍ ടി.പി. നനന്ദകുമാറിനെതിരേ പരാതി നല്‍കിയ യുവതിക്കെതിരേ മോശം പരാമര്‍ശം നടത്തിയ സംഭവത്തിലാണ് സൂരജിനെതിരേ പോലീസ് നേരത്തെ കേസ് എടുത്തിരുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം ഉള്‍പ്പെടെയാണ് കേസ് എടുത്തിരുന്നത്. തുടര്‍ന്ന് സൂരജ് ഒളിവില്‍പോയി. ഇയാളുടെ വീട്ടില്‍ ഉള്‍പ്പെടെ എത്തി പോലീസ് തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് സൂരജ്, മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഇതിനു പിന്നാലെയാണ് സൂരജ് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. അതിനാല്‍ത്തന്നെ ശക്തമായ നടപടികളുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തടക്കം വിവിധ ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കോടതിയെ ബഹുമാനിക്കുന്നുണ്ടെന്നും തെറ്റു ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ലെന്നുമാണ് സൂരജ്, രാവിലെ മാധ്യമങ്ങളോടു പ്രതികരിച്ചത്.