Thursday, April 18, 2024
keralaLocal NewsNews

ശബരിമല തീർത്ഥാടനം :എരുമേലിയിൽ മേളം പിരിവിനെ ചൊല്ലി തർക്കം; കരാറുകാർ മേളക്കാരനെ കയ്യേറ്റം ചെയ്തതിനെതിരെ മേളക്കാരുടെ പ്രതിഷേധം

 എരുമേലി: മേളം പിരിവിനെ ചൊല്ലിയുള്ള  തർക്കത്തിനിടെ കരാറുകാർ മേളക്കാരനെ കയ്യേറ്റം ചെയ്തതിനെതിരെ എരുമേലിയിൽ നാട്ടുകാരായ പ്രാദേശിക മേളക്കാർ പ്രതിഷേധ മേളം  നടത്തി.ഇന്ന് ഉച്ചയോടെയാണ് പേട്ട കൊച്ചമ്പലത്തിൽ നിന്നും വലിയ അമ്പലത്തിലേക്ക് പേട്ടതുള്ളൽ പാതയിൽക്കൂടി നൂറോളം വരുന്ന
മേളക്കാർ  മേളം കൊട്ടി പ്രതിഷേധം നടത്തിയത്.ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പേട്ട തുള്ളുന്ന അയ്യപ്പഭക്തർക്കൊപ്പം അകമ്പടി സേവിക്കുന്ന മേളക്കാരിൽ നിന്നും ഓരോ പേട്ടക്കും 59 രൂപ  ഫീസ് ഈടാക്കുന്നതിനാണ്  ദേവസ്വം ബോർഡ് ലേലം ചെയ്ത് നൽകിയത്.                                                                                             
മേളക്കാർ അയ്യപ്പന്മാരിൽ നിന്നും 250 രൂപ മാത്രമേ വാങ്ങാവൂയെന്നും  ദേവസ്വം ബോർഡ് വ്യവസ്ഥ ചെയ്യുന്നുണ്ട്.എന്നാൽ കാലങ്ങളായി ഇത്തരത്തിൽ മേളം കൊട്ടുന്ന പ്രദേശികരായ നാട്ടുകാരെ പതിവ് പോലെ പിരിവിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും കരാറുകാർ അനുവദിച്ചില്ല.
ഇത്  വലിയ തർക്കത്തിനും – പ്രതിഷധത്തിനും  കാരണമായി. 80 ഓളം വരുന്ന പാവപ്പെട്ട മേളക്കാരെയും – കുടുംബങ്ങളേയും പട്ടിണിയിലേക്ക് തള്ളിവിടുന്ന നടപടിയാണിതെന്നും – നിർബന്ധമാണെങ്കിൽ  ഫീസിൽ ഇളവ് ആവശ്യപ്പെട്ടെങ്കിലും അതിനും  കരാറുകാർ തയ്യാറായില്ലെന്നും മേളക്കാർ പറഞ്ഞു.ഇതിനിടെ  പ്രതിഷേധക്കാരായ മേളക്കാർക്ക് പകരമായി കൊണ്ടുവന്ന മേളക്കാരെ കരാറുകാർ  കഴിഞ്ഞ ദിവസം കയ്യേറ്റം ചെയ്തതാണ് ഇന്നത്തെ വലിയ പ്രതിഷേധത്തിന് കാരണമായത്. മേളത്തിനായി വന്നവരെ തടഞ്ഞു നിർത്തി ചെണ്ട പിടിവാങ്ങുകയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്തുവെന്നും മേളക്കാർ പറഞ്ഞു.                                               
കയ്യേറ്റത്തിന് പുറമേ വ്യാജ പരാതി നൽകി പോലീസിനെ ഉപയോഗിച്ച് റൂമിൽ കിടന്നുറങ്ങിയവരെ പിടിച്ച് മെഡിക്കൽ പരിശോധന നടത്തി ഉപദ്രവിക്കുകയാണ് കരാറുകാരെന്നും മേളക്കാർ പറഞ്ഞു. എരുമേലി  ഡ്യൂട്ടി മജിസ്ട്രേറ്റിനും ഇവർ പരാതി നൽകിയിരുന്നു.എന്നാൽ മേളം പിരിവിനെ സംബന്ധിച്ച്  ഇരുകൂട്ടരും ഹൈക്കോടതിയിൽ നൽകിയ ഹർജി  നാളെ  പരിഗണിക്കാനിരിക്കുന്നതിനിടെയിലാണ്  മേളക്കാർക്കെതിരെ കയ്യേറ്റം നടന്നിരിക്കുന്നതെന്നും ഇവർ പറഞ്ഞു.